ധാര്‍വാഡ്: ഇന്ത്യയില്‍ ശീതളപാനിയ നിര്‍മാണശാല ആരംഭിക്കാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്‍ (Muttiah Muralitharan). സിലോൺ ബിവറേജസ് ക്യാൻ പ്രൈവറ്റ് ലിമിറ്റഡിന്‍റെ (Ceylon Beverages Can Pvt Ltd) ശാഖ കര്‍ണാടകയിലെ ധാര്‍വാഡില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്‍റെ ഭാഗമായി കഴിഞ്ഞയാഴ്‌ച ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം പ്ലാന്‍റ് സ്ഥാപിക്കാന്‍ ഉദേശിക്കുന്ന സ്ഥലം സന്ദര്‍ശിച്ചിരുന്നതായി കർണാടക ഇൻഡസ്ട്രിയൽ ഏരിയാസ് ഡെവലപ്‌മെന്‍റ് ബോർഡ് (Karnataka Industrial Areas Development Board - KIADB) ഓഫിസർ ബിടി പാട്ടീല്‍ അറിയിച്ചു.
പദ്ധതിക്കായി 950 കോടി രൂപയാണ് മുത്തയ്യ മുരളീധരന്‍ നിക്ഷേപിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് താരം ഇത്രയും തുക നിക്ഷേപിക്കാനൊരുങ്ങുന്നതെന്നും കെഐഎഡിബി ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഒന്നാം ഘട്ടത്തില്‍ 256.30 കോടിയാണ് പദ്ധതിയുടെ ഭാഗമായി താരം നിക്ഷേപിക്കുന്നത്.
ഇതിന് മുന്‍പ് 32-36 ഏക്കര്‍ ഭൂമി ലഭിക്കണമെന്ന ആവശ്യവും മുരളീധരന്‍ കര്‍ണാടക സര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, നിലവില്‍ ആദ്യ ഘട്ടത്തില്‍ 13.5 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. മൂന്ന് ഘട്ടങ്ങള്‍ കൊണ്ട് പദ്ധതി കൂടുതല്‍ വിപൂലീകരിക്കും.
ശീതളപാനീയങ്ങള്‍ക്കായി ഉപയോഗിക്കുന്ന ക്യാനുകളും കര്‍ണാടകയിലെ പ്ലാന്‍റില്‍ നിര്‍മിക്കും. ഇതിലൂടെ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ തന്നെ ഇരുന്നൂറോളം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിടി പാട്ടീല്‍ അറിയിച്ചു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനായിരുന്നു മുരളീധരന്‍ മുമ്മിഗട്ടിയിലെ വ്യവസായ മേഖല സന്ദര്‍ശിച്ച് തന്‍റെ പ്ലാന്‍റ് ആരംഭിക്കുന്ന ഭൂമി പരിശോധിച്ചത്. നടപടികള്‍ ആരംഭിക്കുന്നതിനായി സര്‍ക്കാരിന്‍റെ അനുമതിയും താരത്തിന്‍റെ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. സെപ്‌റ്റംബര്‍ അവസാന ആഴ്‌ചയോടെ പ്ലാന്‍റിന്‍റെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
Also Read : ഓഫ് സ്‌പിൻ പന്തുകളെ നേരിടാൻ സച്ചിൻ പ്രയാസപ്പെട്ടിരുന്നു; വെളിപ്പെടുത്തലുമായി മുത്തയ്യ മുരളീധരൻ
ലോക ക്രിക്കറ്റില്‍ ശ്രീലങ്കയുടെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളാണ് മുത്തയ്യ മുരളീധരന്‍. നിലവില്‍ 51കാരനായ മുരളീധരന്‍ ഒന്നര ദശാബ്‌ദത്തോളം കാലമാണ് ശ്രീലങ്കയ്‌ക്കായി കളിച്ചിട്ടുള്ളത്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരങ്ങളുടെ പട്ടികയുടെ തലപ്പത്താണ് മുരളീധരന്‍റെ സ്ഥാനം.
1992-2011 കാലയളവില്‍ ക്രിക്കറ്റില്‍ സജീവമായിരുന്ന മുരളീധരന്‍ 495 മത്സരങ്ങളില്‍ നിന്നും 1347 വിക്കറ്റുകളാണ് എറിഞ്ഞിട്ടിട്ടുള്ളത്. 77 പ്രാവശ്യം അഞ്ച് വിക്കറ്റ് നേട്ടവും 22 പ്രാവശ്യം 10 വിക്കറ്റ് നേട്ടവും താരം സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റിലും ഏകദിനത്തിലും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരവും മുരളീധരനാണ്.
ശ്രീലങ്കയ്‌ക്കായി 133 ടെ്സ്റ്റ് മത്സരങ്ങളില്‍ നിന്നും 800 വിക്കറ്റുകളാണ് മുന്‍ താരം എറിഞ്ഞ് വീഴ്‌ത്തിയിട്ടുള്ളത്. ഏകദിന ക്രിക്കറ്റില്‍ 350 മത്സരങ്ങളില്‍ നിന്നും 534 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. ടി20യില്‍ ശ്രീലങ്കയ്‌ക്കായി 12 മത്സരം കളിച്ച മുരളീധരന്‍ 13 വിക്കറ്റാണ് നേടിയിട്ടുള്ളത്.
Also Read : Sanju Samson | ഇനിയെപ്പോഴാണ് സഞ്ജു റണ്‍സ് കണ്ടെത്തുന്നത്..? വിമര്‍ശനവുമായി മുന്‍ പാക് താരം