ദോഹ : ലോകകപ്പ് ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന ഗോള്‍ കീപ്പറെന്ന മാനുവല്‍ ന്യൂയറുടെ റെക്കോഡിനൊപ്പമെത്തി ഫ്രാന്‍സ് നായകന്‍ ഹ്യൂഗോ ലോറിസ്. മൊറോക്കോയ്‌ക്കെതിരായ മത്സരത്തിലാണ് ലോറിസ് ജര്‍മന്‍ താരത്തിന്‍റെ നേട്ടത്തിനൊപ്പം എത്തിയത്. ലോകകപ്പിലെ 19 മത്സരങ്ങളിലാണ് ഇരുവരും സ്വന്തം ടീമിനായി വല കാക്കാന്‍ ഇറങ്ങിയത്.
ഇത്തവണത്തെ ലോകകപ്പില്‍ മൊറോക്കോയെ തകര്‍ത്ത് ഫൈനലിലേക്ക് മുന്നേറിയ ഫ്രാന്‍സിന് കലാശപ്പോരാട്ടത്തില്‍ അര്‍ജന്‍റീനയ്‌ക്കെതിരായ മത്സരം ശേഷിക്കുന്നതിനാല്‍ ലോറിസ് റെക്കോഡ് സ്വന്തം പേരിലാക്കുമെന്നുറപ്പാണ്. ദക്ഷിണാഫ്രിക്കയില്‍ നടന്ന 2010ലെ ലോകകപ്പിലാണ് ഹ്യൂഗോ ലോറിസ് ആദ്യമായി ഫ്രാന്‍സിന്‍റെ വല കാക്കാന്‍ എത്തിയത്. അന്ന് മൂന്ന് മത്സരങ്ങളില്‍ താരം കളിച്ചിരുന്നു.
2014ല്‍ അഞ്ച് മത്സരങ്ങളിലാണ് ലോറിസ് കളത്തിലിറങ്ങിയത്. 2018ല്‍ ഫ്രാന്‍സ് കിരീടം നേടിയ റഷ്യന്‍ ലോകകപ്പില്‍ ആറ് മത്സരങ്ങളിലും താരം ഫ്രഞ്ച് ഗ്ലൗ അണിഞ്ഞു. ഖത്തറില്‍ സെമിഫൈനല്‍ ഉള്‍പ്പടെ ഇതുവരെ അഞ്ച് മത്സരങ്ങളിലാണ് ഫ്രാന്‍സ് ക്യാപ്‌റ്റന്‍ കളിച്ചത്.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ടുണീഷ്യക്കെതിരെ മാത്രം താരം കളിച്ചില്ല. ലോറിസിന് കീഴിലാണ് കഴിഞ്ഞ ലോകകപ്പ് ഫ്രാന്‍സ് നേടിയത്.