കൊൽക്കത്ത: കൊവിഡ് -19 പോരാട്ടത്തിന് പശ്ചിമ ബംഗാള്‍ എമര്‍ജന്‍സി റിലീഫ് ഫണ്ടിലേക്ക് 20 ലക്ഷം രൂപ സംഭാവന വാഗ്‌ദാനം ചെയ്ത് ഐ ലീഗ് ഫുട്ബോള്‍ ടീം മോഹൻ ബഗാൻ.കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ മുഖ്യമന്ത്രി മമത ബാനർജിക്കൊപ്പം നില്‍ക്കുമെന്നും മോഹന്‍ ബഗാന്‍ അധികൃതര്‍ വ്യക്തമാക്കി. ക്ലബിന്‍റെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്.
കൊവിഡ് 19 വൈറസിനെതിരായ പോരാട്ടത്തിൽ ലോകമെമ്പാടുമുള്ള സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി ആളുകൾ അതത് രാജ്യങ്ങളെ സഹായിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ, അമേരിക്കന്‍ ടെലിവിഷന്‍ അവതാരകയും നടിയും മോഡലുമായ കിം കർദാഷ്യൻ വെസ്റ്റ്, ഗായകൻ ടെയ്‌ലർ സ്വിഫ്റ്റ് എന്നിവരും അക്കൂട്ടത്തിലുണ്ട്.
പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ 21 ലക്ഷം രൂപ വീതം പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാമെന്ന് നേരത്തെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ വാഗ്‌ദാനം ചെയ്തിരുന്നു. പി. വി സിന്ധു, ക്രിക്കറ്റ് താരം ഗൗതം ഗംഭീർ, ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി, ഗുസ്തി താരം ബജ്രംഗ് പുനിയ എന്നിവരും സംഭാവന നൽകി.