ന്യൂഡല്‍ഹി: 2020-ലെ ദേശീയ കായിക പുരസ്‌കാരങ്ങൾക്കുള്ള നാമനിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര കായിക മന്ത്രാലയം. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍, ദേശീയ കായക ഫെഡറേഷന്‍, സായി തുടങ്ങിയവയില്‍ നിന്നുമാണ് നാമനിർദേശങ്ങൾ ക്ഷണിച്ചിരിക്കുന്നത്. രാഷ്‌ട്രീയ ഖേല്‍ പ്രോത്സാഹന്‍ പുരസ്‌കാരം, ഹോക്കി താരം ധ്യാന്‍ചന്ദിന്‍റെ പേരിലുള്ള ആജീവനാന്ത പുരസ്‌കാരം, ദ്രോണാചാര്യ, അർജുന, ഖേല്‍ രത്ന തുടങ്ങിയ പുരസ്‌കാരങ്ങൾക്കുള്ള നാമനിർദേശങ്ങളാണ് സ്വീകരിക്കുക. ജൂണ്‍ മൂന്നാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.
അതേസമയം കൊവിഡ് 19 ഭീതി നിലനില്‍ക്കുന്നതിനാല്‍ അപേക്ഷകൾ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കൂവെന്ന് അധികൃതർ വ്യക്തമാക്കി. സ്‌കാന്‍ ചെയ്‌ത അപേക്ഷകൾ നിശ്ചിത ദിവസത്തന് മുമ്പായി ഓണ്‍ലൈനായി നല്‍കണമെന്ന് അധികൃതർ വ്യക്തമാക്കി. സാധാരണ ഗതിയില്‍ ഏപ്രില്‍ നാലാമത്തെ ആഴ്‌ചയില്‍ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതാണ്. എന്നാല്‍ മഹാമാരി കാരണം ദിവസം നീട്ടി നല്‍കുകയായിരുന്നു. ഈ വർഷം അർജുന, ഖേല്‍രത്ന പുരസ്‌കാരങ്ങൾക്ക് 2016 ജനുവരി മുതല്‍ 2019 ഡിസംബർ വരെയുള്ള കാലയളവിലെ കായികതാരങ്ങളുടെ പ്രകടനം പരിഗണിക്കും.