കൊല്ലം: കേരളക്കരയ്ക്കാകെ പ്രചോദനമാണ് ഒളിമ്പ്യൻ പി.ആർ ശ്രീജേഷിന്‍റെ നേട്ടമെന്ന് മൃഗസംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി. കൊല്ലം ബീച്ചില്‍ നടന്ന സ്വീകരണ സമ്മേളനത്തിൽ ശ്രീജേഷിനേയും ദേശീയ-സംസ്ഥാന മെഡല്‍ ജേതാക്കളായ ജില്ലയിലെ മറ്റ് കായിക താരങ്ങളെയും ആദരിക്കുകയായിരുന്നു മന്ത്രി.
ഒളിമ്പിക്‌സിലേക്ക് കൂടുതൽ മലയാളികൾ കടന്നുവരണമെന്നും അവർ പറഞ്ഞു. കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും കായിക മേഖലയുടെ മുന്നേറ്റത്തിനും സംസ്ഥാന സർക്കാർ ധാരാളം പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.
ഒളിമ്പ്യൻ സുരേഷ് ബാബുവിന്‍റെ പേരിൽ നിർമിക്കുന്ന സ്റ്റേഡിയത്തിന് മാത്രം 50 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. മുഴുവൻ പഞ്ചായത്തുകളിലും സ്റ്റേഡിയം നിർമിക്കുന്നതും പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.
ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ ജില്ല പൗരാവലിയും കായിക സംഘടനകളും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ മേയർ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയായി. ചടങ്ങിൽ കായിക പരിശീലകരെയും ആദരിച്ചു. പരിപാടിയുടെ ഭാഗമായി പാര്‍വതി മില്ലില്‍ നിന്നും കൊല്ലം ബീച്ച് വരെ സ്പോർട്‌സ് റാലി നടത്തി.
ഏഷ്യാഡ് താരം രാഘു നാഥ് സ്പോർട്‌സ് റാലി ഫ്ലാഗ്ഓഫ് ചെയ്‌തു. വിവിധ വാദ്യഘോഷങ്ങളുടെയും ബുള്ളറ്റ് റാലിയുടെയും കായികയിനങ്ങളായ റോൾ ബോൾ, റോളർ സ്കേറ്റിങ്, കരാട്ടെ, കളരിപ്പയറ്റ് എന്നിവയുടെയും അകമ്പടിയോടെയായിരുന്നു റാലി.
ശ്രീനാരായണ കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയായ ശ്രീജേഷ് 41 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇന്ത്യയ്ക്ക് ഒളിമ്പിക്‌സ് മെഡല്‍ നേടി തന്നത്. 2022ൽ വേള്‍ഡ് ഗെയിംസ് അത്ലറ്റ് ഓഫ് ദി ഇയര്‍, 2021ൽ ഖേല്‍രത്ന, 2017ൽ പത്മശ്രീ, 2014ൽ അര്‍ജുന അവാര്‍ഡ് എന്നിവ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.