ഛത്തീസ്ഗഢ്: ഇന്ത്യന്‍ സ്പ്രിന്‍റ് ഇതിഹാസം മില്‍ഖ സിങ്ങിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കൊവിഡിനെ തുടര്‍ന്ന് ശരീരത്തില്‍ ഓക്സിജന്‍റെ അളവ് കുറഞ്ഞതിനാല്‍ ജൂണ്‍ മൂന്നിനാണ് 91കാരനായ മില്‍ഖയെ വീണ്ടും ചണ്ഡീഗഢിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
'ജൂണ്‍ മൂന്നിന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മില്‍ഖയുടെ ആരോഗ്യ നിലയില്‍ ജൂണ്‍ ആറുവരെയുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം തുടര്‍ച്ചയായ പുരോഗതിയുണ്ട്. കഴിഞ്ഞ ദിവസത്തേക്കാള്‍ ഞായറാഴ്ച അദ്ദേഹത്തിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്' ആശുപത്രി വക്താവ് പ്രൊഫ. അശോക് കുമാര്‍ പ്രതികരിച്ചു. മെഡിക്കല്‍ സംഘം അദ്ദേഹത്തെ തുടര്‍ച്ചയായി നിരീക്ഷിച്ച് വരുന്നതായും അശോക് കുമാര്‍ അറിയിച്ചു.
also read: മില്‍ഖ വീണ്ടും ആശുപത്രിയില്‍; പ്രധാനമന്ത്രിയുമായി സംസാരിച്ചു
അതേസമയം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മില്‍ഖയുമായി സംസാരിച്ചിരുന്നു. മില്‍ഖ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. 'പറക്കും സിങ്' (ദി ഫ്ലൈയിങ് സിങ്) എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മില്‍ഖ സിങ് ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും 400 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ ഏക ഇന്ത്യൻ അത്‌ലറ്റാണ്.