ഫിലാഡൽഫിയ : ഇന്‍റർ കോണ്ടിനെന്‍റ് ലീഗ്‌സ് കപ്പിന്‍റെ ഫൈനലിൽ പ്രവേശിച്ച് ഇന്‍റർ മയാമി. ഫിലാഡൽഫിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് സാക്ഷാൽ ലയണൽ മെസിയുടെ നേതൃത്വത്തിൽ ഇന്‍റർ മയാമി ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്. ഇതാദ്യമായാണ് ഇന്‍റർ മയാമി ലീഗ്‌സ് കപ്പിന്‍റെ ഫൈനലിലെത്തുന്നത്. ഇന്‍റർ മയാമിക്കായി മെസി തുടർച്ചയായ ആറാം മത്സരത്തിലും ഗോൾ നേടി. മത്സരത്തിന്‍റെ 20-ാം മിനിട്ടിലാണ് 35 വരെ അകലെ നിന്ന് തകർപ്പനൊരു ഇടം കാൽ ഷോട്ടിലൂടെ മെസി ഗോൾ വല കുലുക്കിയത്.
ഇന്‍റർ മയാമിക്കായി കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് 9-ാം ഗോളാണ് മെസി ഇന്ന് നേടിയത്. ഇതോടെ ടൂർണമെന്‍റിലെ ടോപ് സ്‌കോറർ സ്ഥാനവും മെസി ഉറപ്പിച്ചു. മെസി എത്തിയ ശേഷം മത്സരങ്ങൾ തോറ്റിട്ടില്ലെന്ന റെക്കോർഡും മയാമി തകർപ്പൻ ജയത്തോടെ കാത്തുസൂക്ഷിച്ചു. ജോസഫ് മാര്‍ട്ടിനെസ്, ജോര്‍ഡി ആല്‍ബ, ഡേവിഡ് റൂയിസ് എന്നിവരാണ് ഇന്‍റര്‍ മയാമിയുടെ മറ്റ് ഗോൾ സ്‌കോറർമാർ. അലെക്‌സാന്‍ഡ്രോ ബെഡോയയാണ് ഫിലാഡല്‍ഫിയയ്ക്ക് വേണ്ടി ആശ്വാസ ഗോള്‍ നേടിയത്.
ക്ലബ് ചരിത്രത്തിലെ ആദ്യ കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ഇന്‍റർ മയാമി മത്സരത്തിന്‍റെ മൂന്നാം മിനിട്ടിൽ തന്നെ ആദ്യ ഗോൾ കണ്ടെത്തി. ജോസഫ് മാർട്ടിനെസായിരുന്നു ഗോൾ സ്‌കോറർ. പിന്നാലെ 20-ാം മിനിട്ടിൽ മെസിയുടെ വക ഗോളെത്തി. മൈതാനത്തിന്‍റെ മധ്യത്ത് നിന്ന് ജോസഫ് മാർട്ടിനെസ് നൽകിയ പാസ് സ്വീകരിച്ച മെസിയുടെ തകർപ്പനൊരു ഗ്രൗണ്ടർ ഷോട്ട്, സ്ഥാനം തെറ്റി നിന്ന ഗോൾ കീപ്പറെ നിസഹായനാക്കി പോസ്റ്റിന്‍റെ ഇടത്തേ മൂലയിലേക്ക് പതിക്കുകയായിരുന്നു.
ഇടത് വശത്തേക്ക് മുഴുനീള ഡൈവ് ചെയ്‌തിട്ടും ഫിലാഡൽഫിയ ഗോൾ കീപ്പർക്ക് പന്തിനെ തടുക്കാനായില്ല. പിന്നാലെ ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ ജോർഡി ആൽബ മൂന്നാം ഗോളോടെ മയാമിയുടെ ലീഡുയർത്തി. ഇതോടെ ആദ്യ പകുതിയിൽ 3-0ന് ഇന്‍റർ മയാമി മുന്നിട്ട് നിന്നു. രണ്ടാം പകുതിയിൽ 73-ാം മിനിട്ടിൽ അലെക്‌സാന്‍ഡ്രോ ബെഡോയയിലൂടെ ഫിലാഡൽഫിയ തിരിച്ചടിച്ചു.
എന്നാൽ 84-ാം മിനിട്ടിൽ ഡേവിഡ് റൂയീസിലൂടെ നാലാം ഗോളും നേടി ഇന്‍റർ മയാമി ഗോൾ വേട്ട പൂർത്തിയാക്കി ഫൈനൽ ടിക്കറ്റും ഉറപ്പിച്ചു. ഫൈനലിൽ മോണ്ടെറിയോ നാഷ്‌വില്ലെയോ ആയിരിക്കും ഇന്‍റർ മയാമിയുടെ എതിരാളി. അതേസമയം വിജയത്തോടെ 2024ലെ കോണ്‍കകാഫ് ചാമ്പ്യൻസ് കപ്പിനും ഇന്‍റർ മയാമി യോഗ്യത നേടി. ഇതാദ്യമായാണ് ഇന്‍റർ മയാമി ചാമ്പ്യൻസ് കപ്പിന് യോഗ്യത നേടുന്നത്.
ഇത് പുത്തൻ മയാമി : അതേസമയം മേജര്‍ സോക്കര്‍ ലീഗില്‍ വളരെ മോശം പ്രകടനം പുറത്തെടുത്തിരുന്ന ഇന്‍റർ മയാമി മെസിയുടെ വരവോടെ അടിമുടി മാറിയിരിക്കുകയാണ്. മെസി എത്തിയ ശേഷം പരാജയമറിയാതെ കുതിക്കുന്ന ഇന്‍റർ മയാമി ആറ് മത്സരങ്ങളിൽ നിന്ന് 21 ഗോളുകളാണ് അടിച്ച് കൂട്ടിയത്. ഇതിൽ ഒൻപത് ഗോളുകൾ മെസിയുടെ വകയാണ്.