ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എതിരാളിയായിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് ഇനി ചെല്‍സിയുടെ യുവ മിഡ്‌ഫീല്‍ഡര്‍ മേസൺ മൗണ്ടിന്‍റെ പുതിയ തട്ടകം. ചെൽസിയുടെ പ്രശസ്തമായ അക്കാദമിയിലൂടെ വളര്‍ന്ന മേസന്‍ മൗണ്ട് ലണ്ടൻ ക്ലബ്ബുമായുള്ള 18 വർഷത്തെ ബന്ധം അവസാനിപ്പിച്ചാണ് യുണൈറ്റഡിനൊപ്പം ചേരുന്നത്. യുണൈറ്റഡുമായി അഞ്ച് വര്‍ഷത്തേക്ക് 55 മില്യൺ പൗണ്ടിന്‍റെ (ഏകദേശം 569 കോടി ഇന്ത്യന്‍ രൂപ) കരാറിലാണ് മേസന്‍ മൗണ്ട് ഒപ്പുവയ്‌ക്കാന്‍ ഒരുങ്ങുന്നത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറും മുമ്പ് ചെൽസിയോടും ആരാധകരോടും ഏറെ വികാരനിര്‍ഭരമായി വിടപറഞ്ഞിരിക്കുകയാണ് ഇംഗ്ലീഷ് താരം. "കഴിഞ്ഞ ആറ് മാസത്തെ ഊഹാപോഹങ്ങൾ കണക്കിലെടുക്കുമ്പോൾ, ഇത് നിങ്ങളെ അത്ഭുതപ്പെടുത്തില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. പക്ഷേ, ചെൽസി വിടാനുള്ള തീരുമാനം എടുത്തുവെന്ന് നിങ്ങളോട് പറയുന്നത് എന്നെ സംബന്ധിച്ച് ഒരിക്കലും എളുപ്പമല്ല. എന്‍റെ ഈ തീരുമാനത്തിൽ നിങ്ങളിൽ ചിലർ സന്തുഷ്ടരായിരിക്കില്ലെന്ന് എനിക്കറിയാം, പക്ഷേ എന്‍റെ കരിയറിലെ ഈ നിമിഷത്തിൽ ഇതാണ് ഏറ്റവും അനുയോജ്യമെന്നാണ് എനിക്ക് തോന്നുന്നത്"- മേസന്‍ മൗണ്ട് പറഞ്ഞു.
തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് 24-കാരന്‍റെ പ്രതികരണം. എഴുതി തയ്യാറാക്കിയ പ്രസ്താവനയേക്കാള്‍ കൂടുതല്‍ ആരാധകര്‍ അര്‍ഹിക്കുന്നുവെന്ന് വ്യക്തമാക്കിയ മേസന്‍ മൗണ്ട് എല്ലാ പിന്തുണയ്‌ക്കും അവരോട് നന്ദിയും പറയുന്നുണ്ട്. "നമ്മള്‍ ഒരുമിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. കഴിഞ്ഞ 18 വർഷമായി നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും ഞാന്‍ വളരെയേറെ നന്ദിയുള്ളവനാണ്"- മേസന്‍ മൗണ്ട് പറഞ്ഞുനിര്‍ത്തി.
തന്‍റെ ആറാം വയസിലാണ് മേസന്‍ മൗണ്ട് ചെല്‍സിക്കൊപ്പം ചേരുന്നത്. തുടര്‍ന്ന് 2019-ലാണ് ചെല്‍സിയുടെ സീനിയര്‍ ടീമിനായി 24-കാരനായ മേസന്‍ മൗണ്ട് അരങ്ങേറിയത്. 2021-ല്‍ ക്ലബ്ബിന്‍റെ ചാമ്പ്യൻസ് ലീഗ് വിജയത്തില്‍ പ്രധാന പങ്കുവഹിച്ചതോടെയാണ് താരം ആരാധകരുടെ പ്രിയങ്കരനായി വളര്‍ന്നത്. ചെല്‍സിക്കായി കളിച്ച 195 മത്സരങ്ങളില്‍ നിന്ന് 33 ഗോളുകളാണ് താരം നേടിയിട്ടുള്ളത്.
ചെൽസിക്കായുള്ള മിന്നും പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ ഇംഗ്ലണ്ട് ദേശീയ ടീമില്‍ സ്ഥിരക്കാരനാവാനും മേസന്‍ മൗണ്ടിന് കഴിഞ്ഞിരുന്നു. ഇനി യുണൈറ്റഡിലൂടെ കരിയറില്‍ പുതിയ അധ്യായം ആരംഭിക്കാനാണ് മേസന്‍ മൗണ്ട് ഒരുങ്ങുന്നത്. ഇത്തവണത്തെ ട്രാന്‍സ്ഫര്‍ ജാലകത്തിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗ് ടീമിലെത്തിക്കുന്ന ആദ്യ കളിക്കാരനാണ് മേസന്‍ മൗണ്ട്.
ALSO READ: Carlo Ancelotti | ആൻസലോട്ടിക്കായി കാത്തിരിക്കും; ബ്രസീല്‍ കോച്ചായി ഡിനിസിന് താല്‍ക്കാലിക ചുമതല
അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിലേക്ക് യുണൈറ്റഡിനെ തിരിച്ചെത്തിക്കുന്നതില്‍ നിര്‍ണായകമാവാന്‍ മേസന്‍ മൗണ്ടിന് കഴിയുമന്നാണ് വിലയിരുത്തല്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്‍റെ കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനത്തായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്. കളിച്ച 38 മത്സരങ്ങളില്‍ 16 എണ്ണത്തില്‍ വിജയിച്ച സംഘം 12 മത്സരങ്ങളില്‍ തോല്‍വി വഴങ്ങി. 10 കളികള്‍ സമനിലയില്‍ അവസാനിക്കുകയായിരുന്നു.