മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് യുവതാരം മേസൺ ഗ്രീൻവുഡ് ടീമിൽ തുടരുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് (Manchester United). ആറു മാസത്തോളമായി നീണ്ടുനിന്ന ചർച്ചകൾക്കും വിവാദങ്ങൾക്കും ഒടുവിലാണ് ക്ലബ് അധികൃതർ നിലപാടെടുത്തത്. മേസൺ ഗ്രീൻവുഡ് (Mason Greenwood) ക്ലബിൽ തുടരില്ലെന്നും താരം പുതിയ ക്ലബ് കണ്ടെത്തി കരിയര്‍ തുടരും എന്നും ക്ലബ് അറിയിച്ചു.
സ്‌ട്രൈക്കറായ മേസണ്‍ ഗ്രീൻവുഡിനെ ടീമിൽ തിരികെ എത്തിക്കുന്നതിനായി ക്ലബ് അധികൃതർ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഒരു വിഭാഗം ആരാധകരില്‍ നിന്ന് ശക്തമായ എതിര്‍പ്പ് ഉണ്ടായതോടെയാണ് താരവുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം എടുത്തത് (Mason Greenwood leave Manchester United).
ലൈംഗികാതിക്രമ ആരോപണം നേരിടേണ്ടി വന്ന താരത്തിനെ ക്ലബ്ബ് അന്വേഷണ വിധേയമായി ടീമിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു. എന്നാൽ മതിയായ തെളിവുകളുടെ അഭാവത്തിൽ, ഫെബ്രുവരി 2-ന് ബലാത്സംഗശ്രമവും ആക്രമണവും ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളിൽ നിന്ന് ഗ്രീൻവുഡിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതോടെ യുവതാരം വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് ജഴ്‌സി അണിയുമെന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. എന്നാൽ പ്രതിഷേധം തുടരുന്നതിനിടെ, ഗ്രീൻവുഡും ക്ലബ് അധികൃതരും ഉഭയസമ്മത പ്രകാരം പുറത്തിറക്കിയ പ്രസ്‌താവനയോടെയാണ് ആരാധകരുടെ കാത്തിരിപ്പിന് അവസാനമായത്.
തന്‍റെ സാന്നിധ്യം ക്ലബിന്‍റെ മുന്നോട്ടുള്ള യാത്രയിൽ തടസമാകാൻ ആഗ്രഹിക്കുന്നില്ലെന്നും താൻ ക്ലബ് വിടുകയാണ്. പുതിയൊരു ക്ലബിൽ തന്‍റെ കരിയർ പുനരാരംഭിക്കാനാണ് തീരുമാനം. തനിക്ക് ചില അബദ്ധങ്ങള്‍ പറ്റിയെന്നും മെച്ചപ്പെട്ട മനുഷ്യൻ ആകാൻ പരിശ്രമിക്കുമെന്നും ഗ്രീൻവുഡ് പറഞ്ഞു. ആരോപിക്കപ്പെട്ട തെറ്റുകള്‍ ചെയ്‌തില്ലെന്നും താരം പറയുന്നു.
'മാഞ്ചസ്റ്റർ യുണൈറ്റഡും തന്‍റെ കുടുംബവും താനും തമ്മിലുള്ള സഹകരണ പ്രക്രിയയുടെ ഭാഗമാണ് ഈ തീരുമാനം. ഓൾഡ് ട്രാഫോർഡിൽ നിന്ന് അകന്ന് എന്‍റെ ഫുട്ബോൾ ജീവിതം തുടരുക എന്നതാണ് എല്ലാവരുടെയും പൊതുവായ അഭിപ്രായം. എന്‍റെ സാന്നിധ്യം ക്ലബിന് തടസമാകില്ല. ഏഴ് വയസ് മുതൽ ക്ലബ്ബ് നൽകിയ പിന്തുണയ്ക്ക് ഞാൻ നന്ദി പറയുന്നു'. യുണൈറ്റഡിനോടുള്ള കടപ്പാട് എന്നും നിലനിൽക്കുമെന്നും താരം വ്യക്തമാക്കി. ഗ്രീൻവുഡിനെ തിരികെ ടീമിൽ ഉള്‍പ്പെടുത്തുന്നതിനെതിരെ വനിത യുണൈറ്റഡ് ആരാധകര്‍ കഴിഞ്ഞ ആഴ്‌ച രംഗത്ത് വന്നിരുന്നു.
2022 ജനുവരിയിലാണ് ഗ്രീൻവുഡിനെതിരായി ബലാത്സംഗം, ഗാർഹിക പീഡനം അടക്കമുള്ള ആരോപണങ്ങളുമായി കാമുകി ഹാരിയട്ട് റോബ്‌സൺ രംഗത്തെത്തിയത്. ഗ്രീൻവുഡിൽ നിന്ന് ക്രൂര മർദനമേറ്റതിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്താണ് ഹാരിയറ്റ് ആരോപണം ഉന്നയിച്ചത്. 2022 ഒക്‌ടോബറിലാണ് ഗ്രീൻവുഡിനെതിരെ ബലാത്സംഗശ്രമം, ഗാർഹിക പീഡനം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയത്.