പാരീസ്: ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തിന് പിന്നാലെ ആരാധകരെ ഞെട്ടിച്ച് റയല്‍ മാഡ്രിഡിന്‍റെ ബ്രസീലിയന്‍ താരം മാഴ്സെലോ. സ്‌പാനിഷ് ക്ലബുമായുള്ള 16 വര്‍ഷത്തെ ബന്ധം അവസാനിച്ചതായി മാഴ്സെലോ അറിയിച്ചു. ലിവര്‍പൂളിനെതിരായ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ റയല്‍ കുപ്പായത്തില്‍ തന്‍റെ അവസാന മത്സരമായിരുന്നുവെന്ന് 34കാരനായ മാഴ്‌സെലോ വ്യക്തമാക്കി.
താന്‍ ദുഃഖിതനല്ലെന്നും എന്നാല്‍ ക്ലബ് വിടുമ്പോള്‍ സന്തോഷിക്കാനാവില്ലെന്നും താരം പറഞ്ഞു. വിരമിക്കുന്നതിന് മുമ്പ് രണ്ട് വർഷം കൂടി കളിക്കാൻ ആഗ്രഹിക്കുന്നുവെന്നും മാർസെലോ കൂട്ടിച്ചേര്‍ത്തു. എന്നാൽ എവിടെക്കാണ് ചേക്കേറുകയെന്നതിനെക്കുറിച്ചുള്ള സൂചനകളൊന്നും താരം നൽകിയില്ല.
2006ൽ ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനെൻസിൽ നിന്നാണ് മാഴ്‌സലോ മാഡ്രിഡിലെത്തുന്നത്. റയലിനോടൊപ്പം 24 കിരീട നേട്ടങ്ങളിലാണ് ബ്രസീലിയന്‍ ലെഫ്റ്റ് ബാക്ക് ഭാഗമായത്. ഏഴ് ലാ ലീഗ കിരീടങ്ങളും അഞ്ച് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും ക്ലബിനൊപ്പം ഉയര്‍ത്തിയ താരം, രണ്ട് സ്പാനിഷ് കപ്പ്, അഞ്ച് സ്പാനിഷ് സൂപ്പര്‍ കപ്പ്, മൂന്ന് യുവേഫ സൂപ്പര്‍ കപ്പ്, നാല് ക്ലബ് ലോക കപ്പ് എന്നീ നേട്ടങ്ങളും റയലിനൊപ്പം ആഘോഷിച്ചു.
also read: കരൾ പിളരുന്ന വേദനയിലും ലിവർപൂൾ പറയുന്നു, അടുത്ത ചാമ്പ്യൻസ് ലീഗ് ഫൈനലിലും ഞങ്ങളുണ്ടാകും....
റയല്‍ മാഡ്രിഡുമായുള്ള മാര്‍സെലോയുടെ കരാര്‍ ജൂണില്‍ അവസാനിക്കും. അതേസമയം ഗാരെത് ബെയ്ൽ, ഫ്രാൻസിസ്കോ ഇസ്കോ എന്നിവരും സീസണോടെ ക്ലബ് വിടുമെന്നാണ് കരുതുന്നത്.