ന്യൂഡല്‍ഹി: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ സൂപ്പര്‍ താരങ്ങള്‍ ഇന്ത്യയിലേക്ക്. ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഗിയ, വിങ്ങര്‍ ആന്‍റണി എലങ്ക, മിഡ്‌ഫീല്‍ഡര്‍ ഡോണി വാൻ ഡി ബീക്ക് എന്നിവരാണ് ഡിസംബർ ഒന്നിന് ഇന്ത്യയിലെത്തുന്നത്. ഇന്ത്യയിലെ യുവ ഫുട്ബോളര്‍മാരെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന 'യുണൈറ്റഡ് വി പ്ലേ' എന്ന പരിപാടിയുടെ ഭാഗമായാണ് താരങ്ങളുടെ വരവ്.
ക്ലബിന്‍റെ ഗ്രാസ്റൂട്ട് ലെവൽ സംരംഭത്തിന്‍റെ മൂന്നാം പതിപ്പാണ് ഇത്തവണ നടക്കുന്നത്. ഗോവയിലാണ് ഇത്തവരണത്തെ പരിപാടിക്ക് തുടക്കമാവുന്നത്. അതേസമയം നിലവില്‍ യുണൈറ്റഡിന്‍റെ ആദ്യ ടീമില്‍ അംഗങ്ങളായ താരങ്ങള്‍ ഇതാദ്യമായാണ് ഇന്ത്യ സന്ദർശിക്കുന്നത്.
'യുണൈറ്റഡ് വി പ്ലേ'യുടെ രണ്ടാം സീസൺ ഈ വർഷം ആദ്യമാണ് നടന്നത്. പരിപാടിയില്‍ രാജ്യത്തുടനീളമുള്ള 5000-ലധികം വളര്‍ന്ന് വരുന്ന കളിക്കാര്‍ പങ്കെടുത്തതായി സംഘാടകര്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. ചെന്നൈയിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ, ഓൾഡ് ട്രാഫോർഡ് സന്ദർശിക്കാനും മാഞ്ചസ്റ്റർ യുണൈറ്റഡ് സോക്കർ സ്‌കൂൾ കോച്ചുകളുമൊത്തുള്ള പരിശീലന സെഷനുള്‍പ്പെടെയുള്ളവയ്‌ക്കായി നാല് പേരെ തെരഞ്ഞെടുത്തിരുന്നു. യുണൈറ്റഡ് താരങ്ങളെ സന്ദര്‍ശിക്കാനും വിജയികള്‍ക്ക് അവസരമുണ്ട്.
also read: നെയ്‌മര്‍ പുറത്ത് പോയപ്പോള്‍ ബ്രസീൽ കളിച്ചത് മികച്ച രീതിയില്‍; വിമര്‍ശനവുമായി കക്ക