മാഞ്ചസ്റ്റര്‍: നോര്‍വീജിയന്‍ യുവ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാലൻഡുമായുള്ള കരാര്‍ നടപടികള്‍ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി പൂര്‍ത്തിയാക്കി. 2027 ജൂലൈ ഒന്ന് വരെയുള്ള അഞ്ച് വര്‍ഷത്തെ കരാറാണ് ഹാലൻഡുമായി സിറ്റി ഒപ്പുവച്ചത്. 488 കോടി രൂപയാണ് ട്രാൻസ്‌ഫർ തുക.
തന്‍റെ സ്വപ്‌നങ്ങൾ സഫലമാക്കാൻ കഴിയുന്ന ക്ലബിലാണ് എത്തിച്ചേർന്നതെന്ന് കരാർ ഒപ്പുവച്ചതിന് പിന്നാലെ ഹാലൻഡ് പറഞ്ഞു. ടീമിനൊപ്പം സ്വയം മെച്ചപ്പെടാനും ഗോളുകള്‍ നേടാനും കിരീടങ്ങള്‍ നേടാനും കഴിയുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും താരം വ്യക്തമാക്കി. ജൂലൈ ഒന്നിനാണ് ഹാലൻഡ് ഔദ്യോഗികമായി സിറ്റിയില്‍ ചേരുക.
ജര്‍മന്‍ ബുണ്ടസ് ലിഗ ക്ലബ് ബൊറൂസിയ ഡോട്ട്‌മുണ്ടില്‍ നിന്നാണ് 21കാരനായ ഹാലൻഡ് സിറ്റിയില്‍ എത്തുന്നത്. ഡോട്ട്‌മുണ്ടിനായി 2020 ജനുവരിയില്‍ അരങ്ങേറ്റം നടത്തിയ താരം 89 മത്സരങ്ങളില്‍ 86 ഗോളുകളാണ് അടിച്ച് കൂട്ടിയത്.
അർജന്‍റീനിയൻ സ്‌ട്രൈക്കര്‍ സെർജിയോ അഗ്യൂറോയ്‌ക്ക് പകരക്കാരനെന്ന നിലയിലാണ് ഹാലൻഡിനെ സിറ്റി സ്വന്തമാക്കുന്നത്. സിറ്റിക്കായി 254 ഗോളുകള്‍ അടിച്ച് കൂട്ടി എക്കാലത്തെയും ടോപ് സ്‌കോററായതിന് ശേഷം കഴിഞ്ഞ വർഷം ഫ്രീ ട്രാൻസ്‌ഫറിലാണ് അഗ്യൂറോ ബാഴ്‌സലോണയിലേക്ക് ചേക്കേറിയത്.