കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ബിസിസിഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലിയുടെ കാര്യത്തില്‍ ഡോക്‌ടര്‍മാര്‍ സമയോചിതമായ തീരുമാനം എടുത്തെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന ഗാംഗുലിയെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മമത.
ആശുപത്രി അധികൃതരും ഡോക്‌ടര്‍മാരും വിലപ്പെട്ട സേവനമാണ് നടത്തിയത്. ഗാംഗുലിയുടെ ആരോഗ്യനില തൃപ്‌തികരമാണ്. അദ്ദേഹവുമായി സംസാരിച്ചു. തന്‍റെ ആരോഗ്യനിലയെ കുറിച്ച് ചോദിച്ചറിഞ്ഞു. ക്രിക്കറ്റ് ഇതിഹാസം ഗാംഗുലിക്ക് ഇത്ര ചെറുപ്പത്തിലെ ഹൃദയാഘാതം വന്നത് വേദനാ ജനകമാണ്. ഇതേ കുറിച്ച് ആലോചിക്കാന്‍ പോലും സാധിക്കുന്നില്ലെന്നും കായിക രംഗത്തുള്ളവര്‍ പതിവായി ഹെല്‍ത്ത് ചെക്കപ്പ് നടത്തണമെന്നും മമത ആവശ്യപെട്ടു.
മമതയെ കൂടാതെ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍കറും ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. ഗാംഗുലിയുടെ ഹൃദയത്തില്‍ മൂന്ന് ബ്ലോക്കുകള്‍ ഉണ്ടായിരുന്നതായി ഡോക്‌ടര്‍മാര്‍ പറഞ്ഞു. പാരമ്പര്യമായി കിട്ടിയതാണ് ഗാംഗുലിയുടെ ഹൃദ്രോഗമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍. ട്രിപ്പിള്‍ വെസല്‍ ഡിസീസെന്ന രോഗമാണ് ഗാംഗുലിക്കുള്ളതെന്ന് ബുള്ളറ്റില്‍ വ്യക്തമാക്കി. കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ് ആശുപത്രിയിലാണ് സൗരവ് ഗാംഗുലിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.