ന്യൂഡല്‍ഹി: ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്കീമിന്‍റെ പ്രധാന ഗ്രൂപ്പിൽ മലയാളി താരം കെടി ഇര്‍ഫാന്‍. റേസ് വാക്ക് വിഭാഗത്തില്‍ ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത സ്വന്തമാക്കിയ ഇന്ത്യന്‍ താരമാണ് കെടി ഇര്‍ഫാന്‍. ഇര്‍ഫാനെ കൂടാതെ ജാവലിൻ താരം ശിവ്പാൽ സിംഗ്, സ്പ്രിന്‍റര്‍ ദ്യുതി ചന്ദ് എന്നിവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ ജാവലിൻ താരം നീരജ് ചോപ്ര, ടോപ്പ് സ്പ്രിന്‍റര്‍ ഹിമ ദാസ് എന്നിവരെ പ്രകടന അവലോകനത്തിന് ശേഷം ടോപ്സ് കോർ ഗ്രൂപ്പിൽ നിലനിർത്തി. നവംബർ 26 ന് ചേര്‍ന്ന മിഷൻ ഒളിമ്പിക്സ് സെൽ യോഗത്തിന്‍റേതാണ് തീരുമാനം. അതേസമയം ട്രിപ്പിൾ ജംപ് താരം അർപിന്ദർ സിംഗിനെ പട്ടികയില്‍ നിന്നും ഒഴിവാക്കി.
ദക്ഷിണാഫ്രിക്കയിൽ നടന്ന മത്സരങ്ങളിൽ ചോപ്രയും ശിവ്പാലും ഈ വർഷം ആദ്യം ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ജപ്പാനിൽ നടന്ന ഏഷ്യൻ റേസ് വാക്കിംഗ് ചാമ്പ്യൻഷിപ്പില്‍ പങ്കെടുത്താണ് ഇര്‍ഫാന്‍ ഒളിമ്പിക് യോഗ്യത സ്വന്തമാക്കിയത്. 2019 ലോക ചാമ്പ്യൻഷിപ്പിൽ മിക്സഡ് 4x400 മീറ്റർ റിലേയിൽ ഇന്ത്യ ഒളിമ്പിക് യോഗ്യത നേടിയിട്ടുണ്ട്.