ദുബൈ: ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടത്തില്‍ വീണ്ടും മുത്തമിട്ട് നോര്‍വേക്കാരന്‍ മാഗ്നസ് കാൾസന്‍. ഫൈനലില്‍ റഷ്യയുടെ യാൻ നീപോംനീഷിയാണ് കാൾസന്‍ മറികടന്ന്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് കാൾസന്‍ ലോക ചെസ് ചാമ്പ്യനാവുന്നത്.
ദുബൈ എക്‌സിബിഷൻ സെന്‍ററിൽ 11 ഗെയിമുകളില്‍ നാലെണ്ണം ജയിച്ച് ഏഴര പോയിന്‍റോടെയാണ് കാൾസന്‍റെ നേട്ടം. 11ാം ഗെയിമിനൊരുങ്ങുമ്പോള്‍ കിരീടത്തിലേക്ക് ഒരു പോയിന്‍റ് മാത്രം അകലെയായിരുന്നു കാള്‍സനുണ്ടായിരുന്നത്.
മൂന്ന് മണിക്കൂറും 21 മിനിട്ടും നീണ്ട മത്സത്തിന്‍റെ 49ാം നീക്കത്തിലാണ് താരം ജയം പിടിച്ചത്. ഇതോടെ മൂന്ന് ഗെയിമുകള്‍ ബാക്കി നില്‍ക്കെ കൂടി കിരീടം ചൂടാന്‍ കാൾസനായി. ആദ്യത്തെ അഞ്ച് കളിയും സമനിലയിലായ നിപോംനിഷിക്ക് മൂന്നര പോയിന്‍റാണുള്ളത്.
ഇതോടെ ഒരു നൂറ്റാണ്ടിന് ശേഷം നാല് പോയിന്‍റ് വ്യത്യാസത്തിൽ ലോക ചാമ്പ്യന്‍ഷിപ്പ് വിജയമെന്ന അപൂര്‍വ നേട്ടവും കാള്‍സന് സ്വന്തമായി. നേരത്തെ 1921ൽ ക്യൂബക്കാരനായ ജോസ് റൗൾ കാപ്ബ്ലാങ്കയാണ് ഈ നേട്ടം കൈവരിച്ചത്.
2013ല്‍ ഇന്ത്യയുടെ വിശ്വാനാഥന്‍ ആനന്ദിനെ കീഴടക്കിക്കൊണ്ടാണ് കാള്‍സന്‍ ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് വിജങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് 2014ലും വിശ്വനാഥന്‍ ആനന്ദിന് കാള്‍സന് മുന്നില്‍ അടി പതറി. 2016ല്‍ റഷ്യയുടെ സെര്‍ജി കര്യാകിന്‍, 2018ല്‍ യുഎസിന്‍റെ കരുവാന എന്നിവരേയുമാണ് കാള്‍സന്‍ തോല്‍പ്പിച്ചത്.