ചെന്നൈ: കൊവിഡ് 19 ലോക്ക് ഡൗണ്‍ ലംഘനത്തെ തുടര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ സിങ്ങിന്റെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലൂടെ കാറില്‍ സഞ്ചരിക്കുകയായിരുന്ന റോബിന്‍ സിങ്ങിനെ തടഞ്ഞ് നിര്‍ത്തി പൊലീസ് പരിശോധിക്കുകയായിരുന്നു. മതിയായ കാരണങ്ങളില്ലാതെയും ഇ പാസ് കൈവശം വെക്കാതെയുമാണ് അദ്ദേഹം റോഡിലേക്ക് ഇറങ്ങിയതെന്ന് കണ്ടെത്തിയ പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്തു. പൊലീസ് നടപടികളോട് റോബിന്‍ സിങ് പൂര്‍ണമായും സഹകരിച്ചുവെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ജൂണ്‍ 19 മുതല്‍ 12 ദിവസമായി ചെന്നൈയില്‍ ലോക്ക് ഡൗണ്‍ തുടരുകയാണ്. അവശ്യ സാധനങ്ങള്‍ വാങ്ങാനായി രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ പുറത്ത് പോകുമ്പോള്‍ കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഉപയോഗിക്കരുതെന്ന് ലോക്ക് ഡൗണിന് മുന്നോടിയായി സിറ്റി പൊലീസ് കമ്മീഷ്ണര്‍ എകെ വിശ്വനാഥന്‍ വ്യക്തമാക്കിയിരുന്നു. നിയമ ലംഘനം നടത്തിയാല്‍ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.