ദോഹ: ഫുട്‌ബോളിന്‍റെ വിശ്വകിരീടവുമായി മടങ്ങിയ അര്‍ജന്‍റൈന്‍ നായകന്‍ ലയണല്‍ മെസിയെ വീണ്ടും ആദരിച്ച് ഖത്തര്‍. ലോകകപ്പിനായി എത്തിയപ്പോള്‍ ലയണല്‍ മെസി താമസിച്ച മുറി ഖത്തർ സർവകലാശാല മ്യൂസിയമാക്കുമെന്ന് റിപ്പോര്‍ട്ട്. സര്‍വകലാശാലയിലെ B201 മുറിയാണ് 35കാരനായ മെസി ഉപയോഗിച്ചിരുന്നത്.
ഈ മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കുമെന്നാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ലോകകപ്പിനായെത്തിയ അര്‍ജന്‍റൈന്‍ സംഘത്തിന് ഖത്തര്‍ യൂണിവേഴ്‌സിറ്റിയിലാണ് സൗകര്യം ഒരുക്കിയിരുന്നത്. ബീഫ് ബാര്‍ബിക്യു ഉണ്ടാക്കുന്നതിനുള്ള സൗകര്യങ്ങള്‍ക്ക് കൂടി വേണ്ടിയാണ് ആഡംബര ഹോട്ടലുകളെ ഒഴിവാക്കി അര്‍ജന്‍റൈന്‍ ടീം ഇവിടെ തങ്ങാന്‍ തീരുമാനിച്ചത്.
ഖത്തറിലേക്ക് 2,000 പൗണ്ട് ബീഫുമായി എത്തിയ അര്‍ജന്‍റൈന്‍ ടീം ഇതു പാകം ചെയ്യുന്നതിനായി ഷെഫിനെയും കൂടെക്കൂട്ടിയിരുന്നു. അതേസമയം ഖത്തറിലെ ആദ്യ മത്സരത്തില്‍ തോല്‍വിയോടെ തുടങ്ങിയെങ്കിലും കപ്പുമായാണ് മെസിപ്പട മടങ്ങിയത്. ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ ഫ്രാന്‍സിനെയാണ് ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാര്‍ കീഴടക്കിയത്.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2നായിരുന്നു അര്‍ജന്‍റീന വിജയം നേടിയത്. അര്‍ജന്‍റീനയ്‌ക്കായി ലയണല്‍ മെസി, പൗലോ ഡിബാല, ലിയാന്‍ഡ്രോ പരെഡസ്, മോണ്ടിയാല്‍ എന്നിവരാണ് വലകുലുക്കിയത്. ഫ്രാന്‍സിനായി കിക്കെടുത്ത എംബാപ്പെ, കൊലോ മുവാനി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ കിങ്‌സ്‌ലി കോമനും ഔറേലിയന്‍ ചൗമേനിയ്‌ക്കും പിഴച്ചു.
ഇതോടെ ലോകകപ്പില്‍ വീണ്ടുമൊരു കിരീടത്തിനായുള്ള അര്‍ജന്‍റീനയുടെ 36 വര്‍ഷത്തെ കാത്തിരിപ്പാണ് അവസാനിച്ചത്. ഗോളടിച്ചും അടിപ്പിച്ചും തിളങ്ങിയ മെസി ടൂര്‍ണമെന്‍റിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Also read: കട്ട ആരാധികയ്‌ക്ക് ജഴ്‌സി സമ്മാനിച്ച് ലയണല്‍ മെസി ; സന്തോഷമടക്കാനാവാതെ ധോണിയുടെ മകള്‍ സിവ