പാരിസ്: ചാമ്പ്യന്‍സ് ലീഗിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിനെ നേരിടാനൊരുങ്ങുന്ന ഫ്രഞ്ച് ടീം പിഎസ്‌ജിക്ക് ഇരട്ട പ്രഹരം. ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയൻ എംബാപ്പെയ്‌ക്ക് പിന്നാലെ പരിക്കേറ്റ ലോകകപ്പ് ജേതാവ് ലയണല്‍ മെസിയും ബയേണിനെതിരെ കളിച്ചേക്കില്ല. ഫ്രഞ്ച് കപ്പില്‍ മാഴ്‌സെയ്‌ക്കെതിരായ മത്സരത്തിന് ശേഷം പേശീവലിവ് അലട്ടുന്ന 35കാരന് പരിക്കേറ്റതായി പിഎസ്‌ജി അറിയിച്ചു.
പ്രതിരോധ താരം സെർജിയോ റാമോസിനും അസ്വസ്ഥതകളുണ്ടെങ്കിലും കൂടുതല്‍ പരിശോധനയിലൂടെ മാത്രമേ പരിക്കിന്‍റെ വ്യാപ്‌തി വ്യക്തമാവൂവെന്നും പിഎസ്‌ജി വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം തട്ടകമായ പാർക്ക് ഡെസ് പ്രിൻസസില്‍ ഫെബ്രുവരി 14നാണ് ആദ്യപാദ പ്രീ ക്വാര്‍ട്ടറില്‍ പിഎസ്‌ജി ബയേണിനെതിരെ ഇറങ്ങുന്നത്.
സൂപ്പര്‍ താരങ്ങളുടെ അഭാവം പിഎസ്‌ജിക്ക് കനത്ത പ്രഹരമാവും. മാഴ്‌സെയ്‌ക്കെതിരെ മെസിയോടൊപ്പം നെയ്‌മറും മുന്നേറ്റ നിരയില്‍ ഇറങ്ങിയിരുന്നുവെങ്കിലും ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍വി വഴങ്ങിയ പിഎസ്‌ജി ഫ്രഞ്ച് കപ്പില്‍ നിന്നും പുറത്തായിരുന്നു. റാമോസായിരുന്നു മത്സരത്തിലെ പിഎസ്‌ജിയുടെ ഏക ഗോളിനുടമ.
ലോകോത്തര താരനിരയുണ്ടായിട്ടും തുടർച്ചയായ രണ്ടാം സീസണിലാണ് പിഎസ്‌ജിക്ക് ഫ്രഞ്ച് കപ്പ് നഷ്‌ടമാകുന്നത്. അതേസമയം സീസണില്‍ പിഎസ്‌ജിക്കായി 25 മത്സരങ്ങളില്‍ നിന്നും ഇതേവരെ 15 ഗോളുകളാണ് മെസി നേടിയിട്ടുള്ളത്.
ALSO READ: WATCH: സൗദി പ്രോ ലീഗില്‍ ക്രിസ്റ്റ്യാനോയുടെ അഴിഞ്ഞാട്ടം; അടിച്ച് കൂട്ടിയത് നാല് ഗോളുകള്‍