പാരീസ്: ഫ്രഞ്ച് ക്ലബ് പാരീസ് സെന്‍റ് ജെർമെയ്‌നുമായുള്ള (പിഎസ്‌ജി) കരാര്‍ പുതുക്കാത്ത അര്‍ജന്‍റൈന്‍ ഇതിഹാസ താരം ലയണല്‍ മെസി അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറിലേക്ക് ചേക്കേറിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 2021-ല്‍ പിഎസ്‌ജിയില്‍ എത്തിയ മെസിക്ക് ജൂണ്‍ വരെയാണ് ക്ലബുമായി കരാറുള്ളത്. 2022-ലെ ഖത്തര്‍ ലോകകപ്പ് മുതല്‍ക്ക് 35-കാരനുമായുള്ള കരാര്‍ പുതുക്കാന്‍ പിഎസ്‌ജി ശ്രമം നടത്തിയിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല.
തന്‍റെ മുന്‍ ക്ലബ് എഫ്‌സി ബാഴ്‌സലോണയിലേക്ക് മടങ്ങാനാണ് മെസിക്ക് താത്‌പര്യമെന്ന് പിതാവും ഏജന്‍റുമായ ഹോര്‍ഗെ മെസി നേരത്തെ പറഞ്ഞിരുന്നു. അക്കാര്യം താനും ആഗ്രഹിക്കുന്നുണ്ടെന്നും താരത്തിന് അതിന് കഴിയുമെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നുമായിരുന്നു ഹോര്‍ഗെ മെസിയുടെ വാക്കുകള്‍. ബാഴ്‌സലോണ പ്രസിഡന്‍റ് ജോവാൻ ലാപോർട്ടയുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷമായിരുന്നു ഹോര്‍ഗെ മെസി ഇക്കാര്യം പറഞ്ഞത്.
എന്നാല്‍ മെസിയേയും ബാഴ്‌സയേയും വേര്‍പിരിച്ച ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബാഴ്‌സയ്‌ക്ക് കഴിഞ്ഞിട്ടില്ല. ഇക്കാരണത്താല്‍ മെസിക്ക് മുന്നില്‍ ഒരു ഓഫര്‍ വയ്ക്കാന്‍ പോലും ക്ലബിന് സാധിച്ചിട്ടില്ലെന്നാണ് വിവരം. ലാ ലിഗയുടെ ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കപ്പെട്ടാല്‍ മാത്രമേ ബാഴ്‌സയ്‌ക്ക് മെസിയെ കൂടാരത്തില്‍ എത്തിക്കാന്‍ കഴിയൂ.
ഇതിനായി താരങ്ങളെ വില്‍ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ബാഴ്‌സയ്‌ക്ക് ചെയ്യേണ്ടതുണ്ട്. ഇതോടെ അടുത്ത സീസണില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്‍റർ മിയാമിയുടെ കുപ്പായം അണിയുമെന്നാണ് നിലവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മെസിക്ക് നാല് വർഷത്തേക്ക് പ്രതിവർഷം 54 മില്യൺ ഡോളർ ഇന്‍റര്‍ മിയാമി വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.
മെസിക്ക് ഇന്‍റര്‍ മിയാമി നല്‍കിയ ഓഫറിൽ ആപ്പിൾ, അഡിഡാസ് തുടങ്ങിയ ബ്രാൻഡുകളുമായി സങ്കീർണ്ണമായ സ്‌പോൺസർഷിപ്പ് ഡീലുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സ്‌പാനിഷ് പത്രപ്രവർത്തകൻ ഗില്ലെം ബാലാഗ് അറിയിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ മെസിയുടെ കരിയറിനെക്കുറിച്ചുള്ള നാല് ഭാഗങ്ങളുള്ള ഡോക്യുമെന്‍ററിയുടെ അവകാശം നേടിയതായി ആപ്പിൾ ടിവി+ ചൊവ്വാഴ്‌ച പ്രഖ്യാപിക്കുകയും ചെയ്‌തു.
ഇംഗ്ലീഷ് ഇതിഹാസം ഡേവിഡ് ബെക്കാമിന്‍റെ സഹ ഉടമസ്ഥതയിലുള്ള ക്ലബാണ് ഇന്‍റർ മിയാമി. നേരത്തെ പാരീസ് സെന്‍റ് ജെർമെയ്‌ന്‍ സന്ദര്‍ശന വേളയില്‍ മെസിയുമായി ഡേവിഡ് ബെക്കാം ഇതു സംബന്ധിച്ച ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. പിഎസ്‌ജിയുമായുള്ള കരാർ അവസാനിച്ചതിന് ശേഷം മെസി ഇന്‍റർ മിയാമിയിലേക്ക് വരുമെന്നും ക്ലബ്ബിന്‍റെ 35 ശതമാനം ഉടമസ്ഥാവകാശം താരത്തിന് നല്‍കുമെന്നും കഴിഞ്ഞ വര്‍ഷം വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് മെസിയുടെ ക്യാമ്പ് അതു നിഷേധിച്ചു.
അതേസമയം മെസിക്കായി സൗദി അറേബ്യന്‍ ക്ലബ് അല്‍ ഹിലാല്‍ വമ്പന്‍ തുക വാഗ്‌ദാനം നല്‍കിയിരുന്നു. എന്നാല്‍ മെസി ഇതു നിരസിച്ചതായാണ് റിപ്പോര്‍ട്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകളായ ചെല്‍സി, ന്യൂകാസില്‍ യുണൈറ്റഡ് എന്നിവയും താരത്തിനായി രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാരീസ് സെന്‍റ് ജെർമെയ്‌നായി 74 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ അര്‍ജന്‍റൈന്‍ താരം 32 ഗോളും 35 അസിസ്റ്റുകളും നേടിയിട്ടുണ്ട്.
ALSO READ: കരിം ബെൻസേമ ഇനി അൽ ഇത്തിഹാദിൽ; സൗദി ക്ലബുമായി ഒപ്പുവച്ചത് 200 മില്യണ്‍ യൂറോയുടെ കരാർ