ബെയ്‌ജിങ്ങ് : അർജന്‍റൈൻ സൂപ്പർ താരം ലയണൽ മെസിക്കൊപ്പം ഡിന്നറും സെൽഫിയുമെല്ലാം ഓരോ ഫുട്‌ബോൾ ആരാധകന്‍റേയും സ്വപ്‌നമാണ്. എന്നാൽ സൗഹൃദ മത്സരത്തിനായി ചൈനയിലെത്തിയ ഇതിഹാസ താരത്തിന്‍റെ സാന്നിധ്യം മുതലെടുത്തുകൊണ്ട് വമ്പൻ തട്ടിപ്പുകൾക്ക് കളമൊരുങ്ങുന്നതായാണ് വാർത്തകൾ പുറത്തുവരുന്നത്. താരത്തിനൊപ്പം ഡ്രിങ്ക്‌സ് പങ്കിടാം, മെസിയുടെ ജഴ്‌സിയും കൂടെയുള്ള ഫോട്ടോയും, നിങ്ങളുടെ കമ്പനിയെ കുറിച്ച് ലയണല്‍ മെസി സംസാരിക്കും തുടങ്ങിയ ഓഫറുകൾ വാഗ്‌ദാനം ചെയ്‌തുകൊണ്ടാണ് ബെയ്‌ജിങ്ങിൽ തട്ടിപ്പുകാർ പരസ്യങ്ങൾ ഇറക്കിയിരിക്കുന്നത്.
ലോകകപ്പ് ജേതാവായ മെസിക്കൊപ്പം ഡ്രിങ്ക്‌സ് പങ്കിടാൻ 330,000 യുവാൻ (34.50 ലക്ഷം രൂപ) ആണ് പരസ്യത്തില്‍ ആവശ്യപ്പെട്ടിരിക്കുന്ന തുക. ഈ പരസ്യത്തിനെതിരെ ബെയ്‌ജിങ് പബ്ലിക് സെക്യൂരിറ്റി ബ്യൂറോ തമാശ രൂപേണ പ്രതികരിച്ചിരുന്നു. നിങ്ങൾക്ക് ഇത്ര വലിയ തട്ടിപ്പ് നടത്താൻ കഴിയുമെങ്കിൽ, ഞങ്ങൾ നിങ്ങൾക്ക് ഒരു ഗ്ലാസ് ഉയർത്തുമെന്നായിരുന്നു അധികൃതരുടെ പ്രതികരണം.
ലയണല്‍ മെസിയെ കാണാന്‍ മുൻനിരയിൽ വിഐപി സീറ്റും താരം ഒപ്പുവച്ച ജഴ്‌സിയും ലഭിക്കാന്‍ 8,000 യുവാനാണ് (90,000 രൂപ) ആണ് ഓണ്‍ലൈന്‍ തട്ടിപ്പുകാർ ആവശ്യപ്പെടുന്ന തുക. അതേസമയം ഓസ്ട്രേലിയക്കെതിരായ അർജന്‍റീനയുടെ മത്സരം കാണാനുള്ള സ്റ്റേഡിയം പാസിനായി 5,000 യുവാന്‍ (58,000 രൂപ) ആണെന്ന പരസ്യവും ഇറങ്ങിയിട്ടുണ്ട്. ഏറ്റവും രസകരമായ പരസ്യം ഇങ്ങനെയാണ്, 50 മില്യണ്‍ യുവാന്‍ ( 57 കോടി രൂപ) മുടക്കിയാൽ ലയണല്‍ മെസിയെ നേരിട്ട് കാണാനും ലൈവ് സ്‌ട്രീമിങ് വഴി നിങ്ങളുടെ ബിസിനസിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യും.
എന്നാൽ ഇതെല്ലാം വ്യാജമായ പരസ്യങ്ങൾ മാത്രമാണെന്നും, പൊതുജനം ആരും തന്നെ തട്ടിപ്പിന് ഇരയാകരുതെന്നും ബെയ്‌ജിങ്ങ് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാര്യങ്ങളെയെല്ലാം ഗൗരവത്തോടെ സമീപിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
നിലവിലെ ലോകകപ്പ് ജേതാക്കളായ അര്‍ജന്‍റീന രാജ്യാന്തര സൗഹൃദ മത്സരത്തിനായാണ് ചൈനയുടെ തലസ്ഥാനമായ ബെയ്‌ജിങ്ങിൽ എത്തിയിട്ടുള്ളത്. ജൂണ്‍ 15 ന് നടക്കുന്ന മത്സരത്തിൽ ഓസ്‌ട്രേലിയയാണ് അര്‍ജന്‍റീനയുടെ എതിരാളികള്‍. ബെയ്‌ജിങ്ങിൽ അടുത്തിടെ പുനർനിർമിച്ച വർക്കേഴ്‌സ് സ്റ്റേഡിയത്തിലാണ് ലയണല്‍ മെസിയുടെ നേതൃത്വത്തിലുള്ള അർജന്‍റീന ടീം മത്സരത്തിനിറങ്ങുന്നത്. ഇതിനുമുമ്പ് ഫിഫ ലോകകപ്പിന്‍റെ പ്രീ ക്വാർട്ടറിൽ ഓസ്ട്രേലിയയെ നേരിട്ടപ്പോൾ അർജന്‍റീനയ്‌ക്കായിരുന്നു വിജയം. ലയണൽ മെസിയും യുവതാരം ജൂലിയൻ അൽവാരസും ഗോൾ കണ്ടെത്തിയ കളിയിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അർജന്‍റീന ജയിച്ചുകയറിയത്.
ALSO READ: Messi in China| പാസ്‌പോർട്ടുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം; ബെയ്‌ജിങ് വിമാനത്താവളത്തിൽ മെസിയെ തടഞ്ഞു
ലയണല്‍ മെസിയുടെ മത്സരം നേരിൽ കാണാനുള്ള കാത്തിരിപ്പിലാണ് ചൈനീസ് ആരാധകര്‍. അര്‍ജന്‍റൈന്‍ താരങ്ങൾ താമസിക്കുന്ന ഹോട്ടലിന് മുന്നിലും, ടീം പരിശീലനം നടത്തുന്ന മൈതാനത്തിലും, സ്റ്റേഡിയത്തിനു പുറത്തും എല്ലാം ചൈനീസ് ആരാധകരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. അതേസമയം പാസ്‌പോർട്ടുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പത്തെ തുടർന്ന് മെസിയെ ബെയ്‌ജിങ്ങ് വിമാനത്താവളത്തിൽ തടഞ്ഞുവച്ചിരുന്നു.