ദോഹ: ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ നാടകീയത ഏറെ നിറഞ്ഞുനിന്ന ലോകകപ്പിന്‍റെ കലാശപ്പോരില്‍ ഒടുവിലെ ചിരി ലയണല്‍ മെസിയുടെ അര്‍ജന്‍റീനയ്‌ക്കായിരുന്നു. നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ അര്‍ജന്‍റീന കിരീടം നേടിയത്. വിശ്വകിരീടത്തിനായുള്ള 36 വര്‍ഷത്തെ കാത്തിരിപ്പാണ് ഇതോടെ അർജന്‍റീന അവസാനിപ്പിച്ചത്.
മെസിയുടേയും സംഘത്തിന്‍റെയും ഈ നേട്ടത്തെ വാഴ്‌ത്തിപ്പാടുകയാണ് ലോക മാധ്യമങ്ങള്‍. ലോകകപ്പ് കിരീടവുമായി നില്‍ക്കുന്ന അര്‍ജന്‍റീനന്‍ നായകന്‍റെ ചിത്രം ഇതിനകം തന്നെ സോഷ്യല്‍ മീഡിയ കീഴടക്കിയിരുന്നു.
മെസിയുടെ അർജന്‍റീന "ചരിത്രത്തിലെ ഏറ്റവും മഹത്തായ ഫൈനൽ" വിജയിച്ചു എന്നാണ് അര്‍ജന്‍റൈന്‍ ദിനപത്രമായ ലാ നാസിയോൺ ഒന്നാം പേജില്‍ എഴുതിയത്. രാജ്യത്തെ പ്രമുഖ ദിനപ്പത്രമായ ക്ലാരിൻ "അവിസ്മരണീയം" എന്നാണ് മത്സരത്തെ വിശേഷിപ്പിച്ചത്. സ്പോർട്സ് ദിനപത്രമായ ഒലെയുടെ വെബ്‌സൈറ്റിന്‍റെ ഹോം പേജ് " വീ ആര്‍ വേള്‍ഡ് ചാമ്പ്യന്‍സ്!" എന്നാണ് എഴുതിക്കാണിച്ചത്.
എംബാപ്പെയെ ചേര്‍ത്ത് പിടിച്ച് ഫ്രഞ്ച് മാധ്യമങ്ങള്‍: വര്‍ത്തമാന കാലത്തെ മികച്ച താരങ്ങളായ മെസിയും എംബാപ്പെയും തമ്മിലുള്ള ഏറ്റുമുട്ടലായും ലോകകപ്പ് ഫൈനല്‍ വിലയിരുത്തപ്പെട്ടിരുന്നു. അത്യന്ത്യം വീറും വാശിയും നിറഞ്ഞ മത്സരത്തില്‍ അവസാനം വരെ പൊരുതിയാണ് എംബാപ്പെയുടെ ഫ്രാന്‍സ് കീഴടങ്ങിയത്.
മത്സരത്തില്‍ മെസി ഒരു പെനാല്‍റ്റിയടക്കം രണ്ട് ഗോളുകളടിച്ചപ്പോള്‍ രണ്ട് പെനാല്‍റ്റികളടക്കം മൂന്ന് തവണയാണ് എംബാപ്പെ ലക്ഷ്യം കണ്ടത്. ഈ പ്രകടനത്തിന് താരത്തെ ചേര്‍ത്ത് നിര്‍ത്തിയാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ അച്ച് നിരത്തിയത്.
ഫ്രഞ്ച് സ്‌പോർട്‌സ് ദിനപത്രമായ L'Equipe-ന്‍റെ ഒന്നാം പേജില്‍ "തല ഉയർത്തിപ്പിടിക്കുക" എന്നാണ് അച്ചടിച്ചിരിക്കുന്നത്. എംബാപ്പെ തന്‍റെ ഗോൾഡൻ ബൂട്ട് പുരസ്‌ക്കാരത്തോടൊപ്പം നില്‍ക്കുന്ന ചിത്രമാണ് ഇതോടൊപ്പം ചേര്‍ത്തിട്ടുള്ളത്.
മറ്റൊരു ദിനപ്പത്രമായ ലിബറേഷന്‍റെ ഒന്നാം പേജില്‍ മെസിയുടേയും എംബാപ്പെയുടേയും ചിത്രം അച്ചടിച്ച് 'ഐതിഹാസികം' എന്നാണ് തലക്കെട്ട് നല്‍കിയിരിക്കുന്നത്. ഫ്രഞ്ച് താരത്തിന്‍റെ പരിശ്രമത്തെ "ഹീറോയിക്" എന്നാണ് ലെ ഫിഗാരോ വിശേഷിപ്പിച്ചത്.
മെസി "ഫുട്‌ബോളിന്‍റെ ദൈവം": ബ്രിട്ടനിൽ, ദി ടൈംസ് അതിന്‍റെ ഒന്നാം പേജിൽ ഏറ്റവും മികച്ച ഫൈനലിൽ, ആധുനിക ഫുട്‌ബോളിലെ മികച്ച താരങ്ങള്‍ തമ്മിലുള്ള യുദ്ധത്തില്‍ മെസി വിജയിച്ചുവെന്നാണ് അച്ചടിച്ചത്. സ്‌പോര്‍ട്‌സ് പേജില്‍ മെസിയെ എക്കാലത്തേയും മഹാനായ താരമെന്നും പത്രം വിശേഷിപ്പിച്ചിട്ടുണ്ട്.
ലോകകപ്പ് "ദൈവത്തിന്‍റെ കയ്യിൽ" എന്നാണ് ദി സൺ എഴുതിയത്. മെസിയെ ദി ഗോട്ട് എന്നാണ് ദി മിറര്‍ വിശേഷിപ്പിച്ചത്.
ജർമ്മനിയിലെ പ്രമുഖ മാധ്യം "ദൈവത്തിന്‍റെ കാൽ" എന്ന തലക്കെട്ടോടെയാണ് പുറത്തിറങ്ങിയത്. അർജന്‍റീന-ഫ്രാൻസ് പോരാട്ടത്തെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഫൈനൽ എന്നും ജര്‍മന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നുണ്ട്.
ചിരവൈരികളായ ബ്രസീലിൽ പോലും മെസിയെ വാഴ്‌ത്തിപ്പാടുകയാണ് മാധ്യമങ്ങള്‍ ചെയ്‌തത്. 'ഫുട്ബോൾ അതിന്‍റെ ഏറ്റവും വലിയ താരത്തോട് കടം വീട്ടി' എന്നാണ് ഒ ഗ്ലോബോ ദിനപത്രം എഴുതിയത്.
അതേസമയം ഒരു "അനശ്വര" ഫൈനലിൽ മെസിക്ക് പ്രതിഫലം ലഭിച്ചുവെന്നാണ് യുഎസ് മാധ്യമമായ വാഷിംഗ്ടൺ പോസ്റ്റിലെ ഒരു റിപ്പോര്‍ട്ട്. ഫൈനലിന്‍റെ ഫൈനലിൽ മെസി കിരീടം ചൂടിയതായാണ് സ്പെയിനിലെ എൽ പൈസ് പത്രം എഴുതിയത്. ദക്ഷിണ കൊറിയൻ ദിനപത്രമായ ഹാൻകുക്ക് ഇൽബോ മെസിയെ "ഫുട്‌ബോളിന്‍റെ ദൈവം" എന്നാണ് വിളിച്ചത്.