ബ്യൂണസ് ഐറിസ് : അര്‍ജന്‍റീനയുടെ ഏറ്റവും മൂല്യമേറിയ താരം എന്ന നേട്ടത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ മറികടന്ന് യുവതാരം. ട്രാന്‍സ്‌ഫര്‍ മൂല്യത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്‍റർ മിലാന്‍ സ്‌ട്രൈക്കര്‍ ലൗട്ടാരോ മാര്‍ട്ടിനസാണ് മെസിയെ രണ്ടാമതാക്കിയത്. 75 മില്യണ്‍ യൂറോ മൂല്യവുമായാണ് മെസിയെ പിന്തള്ളി മാര്‍ട്ടിനസ് അര്‍ജന്‍റീനയിലെ ഏറ്റവും മൂല്യമുള്ള താരമായി മാറിയത്.
50 മില്യണ്‍ യൂറോയാണ് രണ്ടാമതുള്ള മെസിയുടെ ട്രാന്‍സ്‌ഫര്‍ മൂല്യം. ടോട്ടൻഹാം താരം ക്രിസ്റ്റ്യന്‍ റൊമേറോയാണ് മെസിക്ക് പിന്നിലായുള്ളത്. 48 മില്യണ്‍ യൂറോയാണ് താരത്തിന്‍റെ മൂല്യം. 40 മില്യണ്‍ യൂറോ മൂല്യവുമായി അത്‌ലറ്റിക്കോ മാഡ്രിഡ് താരം റോഡ്രിഗോ ഡി പോള്‍ ആണ് നാലാം സ്ഥാനത്ത്.
35 മില്യണ്‍ യൂറോയുമായി ഡിബാലയാണ് അഞ്ചാം സ്ഥാനത്ത്. 32 മില്യണ്‍ യൂറോയുമായി ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, 28 മില്യണ്‍ യൂറോയുമായി എമിലിയാനോ മാര്‍ട്ടിനസ് എന്നിവരാണ് ആറും ഏഴും സ്ഥാനങ്ങളിൽ.
റേസിങ് ക്ലബ് അർജന്‍റീനയിൽ നിന്ന് 2018ലാണ് മാര്‍ട്ടിനസ് ഇന്‍റര്‍ മിലാനിലേക്ക് എത്തുന്നത്. 22.7 മില്യണ്‍ യൂറോ ആയിരുന്നു ഫീ. ഇന്‍ററിന് വേണ്ടി 179 മത്സരങ്ങളില്‍ നിന്ന് 74 ഗോളും 24 അസിസ്റ്റും മാര്‍ട്ടിനസിന്‍റെ പേരിലുണ്ട്. സീരി എ കിരീടത്തിലേക്കും കോപ്പ ഇറ്റാലിയയിലേക്കും ടീമിനെ നയിക്കാന്‍ മാര്‍ട്ടിനസിന് കഴിഞ്ഞിരുന്നു. ഈ സീസണില്‍ 49 കളിയില്‍ നിന്ന് 25 ഗോളാണ് മാര്‍ട്ടിനസ് നേടിയത്.