ബാഴ്‌സലോണ : പിഎസ്‌ജിയുമായി ഈ സീസൺ അവസാനത്തോടെ കരാർ അവസാനിക്കുന്ന ലയണൽ മെസിയെ തിരികെ ബാഴ്‌സലോണയിൽ എത്തിക്കാനുള്ള ശ്രമത്തിന് തിരിച്ചടി. ലാ ലിഗയുടെ സാമ്പത്തിക നയങ്ങളാണ് മെസിയെ തിരികെ ക്യാമ്പനൗവിലെത്തിക്കുന്നതിൽ ബാഴ്‌സലോണയ്‌ക്ക് വിലങ്ങുതടിയാകുന്നത്. അർജന്‍റൈൻ താരത്തെ ടീമിലെത്തിക്കുന്നതിന് മുന്നോടിയായി ബാഴ്‌സലോണ സമർപ്പിച്ച ഫിനാൻഷ്യൽ ഫീസബിലിറ്റി റിപ്പോർട്ട് ലാ ലിഗ തള്ളിയതായാണ് റിപ്പോർട്ടുകൾ.
ക്ലബിന്‍റെ സാമ്പത്തിക പുനരുദ്ധാരണ പദ്ധതിക്ക് ലാലിഗയുടെ അനുമതി ലഭിച്ചില്ലെങ്കിൽ വരും സീസണിൽ മെസിയെ ടീമിലെത്തിച്ചാലും താരത്തെ രജിസ്റ്റർ ചെയ്യാൻ ബാഴ്‌സലോണയ്‌ക്ക് സാധിച്ചേക്കില്ല. ലാ ലിഗയിൽ രജിസ്റ്റർ ചെയ്യുന്ന താരങ്ങൾക്ക് മാത്രമെ ലീഗിൽ കളിക്കാൻ അനുമതിയുള്ളൂ. ബാഴ്‌സലോണ സമർപ്പിച്ച പ്രാഥമിക സാമ്പത്തിക സാധ്യത റിപ്പോർട്ടാണ് ലാ ലിഗ തള്ളിയതെന്നാണ് റിപ്പോർട്ടുകൾ. ഇതു സംബന്ധിച്ച് ലാലിഗ പ്രസിഡന്‍റ് ഹവിയർ ടെബാസ് ബാഴസക്ക് കൂടുതൽ നിർദേശം നൽകിയിട്ടുണ്ടന്നാണ് സൂചന.
ഫിനാൻഷ്യൽ ഫെയർ പ്ലേ ഉൾപ്പടെ ലാലിഗയിലെ മറ്റു ടീമുകൾ പിന്തുടരുന്ന എല്ലാ നിയമങ്ങളും പാലിക്കാൻ ബാഴ്‌സലോണയും തയ്യാറാവണമെന്ന നിർദേശമാണ് ലാലിഗ മുന്നോട്ട് വെച്ചിട്ടുള്ളത്. നിലവിൽ ക്ലബ് നേരിടുന്ന വലിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ലാ ലിഗയുടെ സഹായം ലഭിക്കുമെന്നായിരുന്നു ബാഴ്‌സയുടെ പ്രതീക്ഷ. ഈ സാഹചര്യം മറികടക്കാനായില്ലെങ്കിൽ ഗാവി, സെർജി റോബർട്ടോ, റൊണാൾഡ് അരാഹോ എന്നിവരുടെ കരാറുകൾ പുതുക്കാനും കറ്റാലൻ ടീമിനായേക്കില്ല.
മെസിയെ ടീമിലെത്തിക്കാൻ ബാഴ്‌സയ്ക്ക് അവരുടെ ശമ്പള പരിധി 200 മില്യൺ പൗണ്ട് കുറയ്‌ക്കേണ്ടതുണ്ട്. അതിന് പുറമെ മെസിയെ ടീമിലെത്തിക്കാൻ ബാഴ്‌സ പുതിയ സ്‌പോൺസർമാരെ തേടുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. മെസിയെ തിരികെയെത്തിക്കുന്നതിനുള്ള പണം കണ്ടെത്താനായി 'ലയണൽ മെസി മ്യൂസിയം' തുറക്കാൻ ബാഴ്‌സലോണ ചർച്ച നടത്തുന്നതായും വാർത്തകളുണ്ടായിരുന്നു.
മ്യൂസിയം പ്രവർത്തനമാരംഭിക്കുന്നതോടെ ടൂറിസ്റ്റുകളെ ആകർഷിക്കുകയും ക്ലബിന് ശാശ്വതമായ വരുമാനം ഉറപ്പിക്കാനും ഇതുവഴി മെസിയെ വീണ്ടും പഴയ തട്ടകത്തിലേക്ക് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ എന്നായിരുന്നു റിപ്പോർട്ടുകൾ.