മാഡ്രിഡ്: കോപ്പ ഡെൽ റേ (കിങ്സ് കപ്പ്) ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ നിന്ന് ബാഴ്‌സലോണ പുറത്ത്. അത്‌ലറ്റിക് ബിൽബാവോയോട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്‌സലോണ അടിയറവ് പറഞ്ഞത്. ഇരുവരും സമനിലയിൽ തുടർന്നതോടെ അധിക സമയത്തേക്ക് നീണ്ട മത്സരത്തിലാണ് അത്‌ലറ്റിക് ബിൽബവോ വിജയം സ്വന്തമാക്കിയത്.
മത്സരത്തിന്‍റെ രണ്ടാം മിനിട്ടിൽ തന്നെ ബാഴ്‌സയെ ഞെട്ടിച്ചുകൊണ്ട് ഐകർ മുനെയ്‌നിലൂടെ അത്‌ലറ്റിക് ലീഡ് നേടി. എന്നാൽ ഗോൾ വീണതോടെ ശക്‌തമായി പോരാടിയ ബാഴ്‌സ 20-ാം മിനിട്ടിൽ ഫെറാൻ ടോറസിലൂടെ തിരിച്ചടിച്ചു. ഇതോടെ ആദ്യ പകുതി 1-1 ന് സമനിലയിൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ വിജയ ഗോളിനായി ഇരുടീമുകളും കിണഞ്ഞ് ശ്രമിച്ചെങ്കിലും 86-ാം മിനിട്ടിലാണ് ഗോൾ വല കുലുക്കാനായത്. ഇനിഗോ മാർട്ടിനെസാണ് ബിൽബാവോക്കായി രണ്ടാം ഗോൾ നേടിയത്. എന്നാൽ രണ്ടാം പകുതിയുടെ അധിക സമയത്തിൽ പെഡ്രിയിലൂടെ ബാഴ്‌സ വീണ്ടും തിരിച്ചടിച്ചു. ഇതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. എക്സ്ട്രാ ടൈമിന്‍റെ ആദ്യ പകുതിയിൽ ബാഴ്‌സയെ ഞെട്ടിച്ചുകൊണ്ട് മുനെയ്ൻ (105+1) ഗോൾ നേടി. ഇതിന് മറുപടി നൽകാൻ ബാഴ്‌സക്കായില്ല.
ALSO READ: ഐപിഎല്‍ മെഗാ ലേലം: ഗെയ്ല്‍, സ്റ്റാര്‍ക്, ആര്‍ച്ചര്‍ വിട്ട് നില്‍ക്കുന്നത് വമ്പന്മാര്‍
കഴിഞ്ഞ വർഷം ബിൽബാവോയെ ഫൈനലിൽ തോൽപിച്ചാണ് ബാർസ കിരീടം നേടിയത്. യുവേഫ ചാംപ്യൻസ് ലീഗിൽ നിന്നും സ്‌പാനിഷ് സൂപ്പർ കപ്പിൽ നിന്നും നേരത്തേ പുറത്തായ ബാഴ്‌സലോണയ്‌ക്ക് ഇനി യൂറോപ്പിലെ രണ്ടാംനിര ക്ലബ് ചാംപ്യൻഷിപ്പായ യൂറോപ്പ ലീഗിൽ മാത്രമാണ് കിരീട പ്രതീക്ഷയുള്ളത്.