കൊച്ചി: ഐഎസ്എല്‍ ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ (കെബിഎഫ്സി) സംരംഭമായ യങ് ബ്ലാസ്റ്റേഴ്സ് സ്പോര്‍ട്ഹുഡ് അക്കാദമിയില്‍ (വൈബിഎസ്എ ) പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം 3000 കഴിഞ്ഞതായി അധികൃതര്‍. കേരളത്തില്‍ ഒരു ഫുട്ബോള്‍ അക്കാദമിക്കും എത്താനാവാത്ത നേട്ടമാണ് ഇതെന്ന് അക്കാദമി അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
സ്പോര്‍ട്ഹുഡുമായി സഹകരിച്ച് 2019ലാണ് കെബിഎഫ്സി അക്കാദമി സ്ഥാപിച്ചത്. നിലവില്‍ സംസ്ഥാനത്തെ 14 ജില്ലകളിലായി 80 സെന്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലുടനീളമുള്ള ഏറ്റവും മികച്ച പ്രതിഭകളെ ചെറുപ്പം മുതലേ വളർത്തിയെടുക്കാൻ കഴിയുമെന്ന് ഉറപ്പാക്കുകയാണ് അക്കാദമി ലക്ഷ്യമിടുന്നതെന്ന് കെബിഎഫ്സി ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു.
ഈ വര്‍ഷം 14 ജില്ലകളിലെ വിവിധ സ്കൂളുകളും, ഫുട്ബോള്‍ ടര്ഫുകളുമായും സഹകരിച്ച് 150 ഗ്രാസ് റൂട്ട് കോച്ചിങ് അക്കാദമികള്‍ സ്ഥാപിക്കാനും ക്ലബ് ലക്ഷ്യം വയ്ക്കുന്നുണ്ട്. മികച്ച പ്രകടനം നടത്തുന്ന കുട്ടികള്‍ക്കും, പരീശിലന ഫീസ് താങ്ങാന്‍ കഴിയാത്തവര്‍ക്കും അക്കാദമി സ്കോളര്‍ഷിപ്പ് നല്‍കുമെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.