കൊച്ചി : ഐഎസ്‌എല്‍ വമ്പന്‍മാരായ കേരള ബ്ലാസ്‌റ്റേഴ്‌സ് വനിത ടീം രൂപീകരിച്ചു. ഫുട്ബോള്‍ എല്ലാവരുടേതുമാണെന്ന സന്ദേശത്തോടെ സാമൂഹ്യമാധ്യമങ്ങള്‍ വഴിയായിരുന്നു ടീമിന്‍റെ ഔദ്യോഗിക പ്രഖ്യാപനം. കേരളത്തിലെ രാഷ്‌ട്രീയ-സാമൂഹിക-കായിക രംഗത്തെ വനിതാമുന്നേറ്റത്തിന്‍റെ ചരിത്രം വിശദമാക്കുന്ന വീഡിയോയും പ്രഖ്യാപനത്തിന് ഒപ്പമുണ്ട്.
'ഒരു പുതിയ തുടക്കം' എന്ന തലക്കെട്ടിലാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. മുന്‍താരവും പരിശീലകനുമായ ഷെരീഫ് ഖാന്‍ എവിയാണ് ടീമിനെ പരിശീലിപ്പിക്കുക. വനിത ടീം അംഗങ്ങളുടെ പ്രഖ്യാപനം വൈകാതെ തന്നെ ക്ലബ് നടത്തും. കേരള ഫുട്‌ബോൾ അസോസിയേഷൻ(കെഎഫ്എ) സംഘടിപ്പിക്കുന്ന കേരള വുമണ്‍സ് ലീഗിൽ പങ്കെടുക്കുന്ന ടീം കിരീട നേട്ടത്തോടെ ഇന്ത്യന്‍ വനിത ലീഗിലേക്കുള്ള യോഗ്യതയാണ് ലക്ഷ്യമിടുന്നത്.
- " class="align-text-top noRightClick twitterSection" data="">
അടുത്ത രണ്ടുമൂന്ന് വര്‍ഷത്തിനകം എഎഫ്‌സി തലത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കാനും ക്ലബ് ലക്ഷ്യമിടുന്നു. നിലവില്‍ ദേശീയ ടീമില്‍ കേരളത്തിന് പ്രാതിനിധ്യമില്ലെന്നും താരങ്ങളെ ദേശീയ നിലവാരത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാനുളള വീക്ഷണം തങ്ങള്‍ക്കുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്‌സ് അക്കാദമിയുടേയും വനിതാടീമിന്റേയും ഡയറക്ടര്‍ റിസ്വാന്‍ പറഞ്ഞു.
വനിതാടീം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലായിരിക്കും പരിശീലനം നടത്തുക. അതേസമയം ഐലീഗ് ചാമ്പ്യന്‍മാരും കേരളത്തിലെ മറ്റൊരു സുപ്രധാന ഫുട്ബോള്‍ ക്ലബ്ബുമായ ഗോകുലം കേരള എഫ്‌സിക്ക് നിലവില്‍ വനിത ടീമുണ്ട്.