കൊച്ചി: ആശാന്‍റെ മടങ്ങിവരവ് ഗംഭീരമാക്കിയ ആരാധകരെ സാക്ഷിയാക്കി അതിഗംഭീര കാല്‍പന്ത് വിരുന്നൊരുക്കി ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഒഡിഷയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ പോയിന്‍റ് പട്ടികയില്‍ 10 പോയിന്‍റുകളുമായി ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം സ്ഥാനത്തുമെത്തി.
മുഖ്യപരിശീലകനായ ഇവാന്‍ വുകുമനോവിച്ച് വിലക്ക് പൂര്‍ത്തിയാക്കി പുറത്തെത്തുന്നു എന്നതും കൊച്ചിയിലെ സ്വന്തം തട്ടകത്തില്‍ മത്സരമെത്തുന്നു എന്ന രണ്ട് സവിശേഷതകളുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് പന്തുതട്ടാനിറങ്ങിയത്. ഇവാനെ വരവേല്‍ക്കാനായി മഞ്ഞപ്പട ആരാധകര്‍ പടുകൂറ്റന്‍ ടിഫോയും ഒരുക്കിയിരുന്നു. എന്നാല്‍ ആശാനുള്ള ട്രീറ്റ് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ കളിക്കളത്തില്‍ ഒരുക്കിവച്ചിരിക്കുകയായിരുന്നു. ഇത് സമ്മാനിച്ചതാവട്ടെ, 66 ആം മിനുറ്റില്‍ സ്‌റ്റാര്‍ സ്‌ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്‍റകോസിന്‍റെയും, 84 ആം മിനുറ്റില്‍ നായകന്‍ അഡ്രിയാന്‍ ലൂണയുടെയും കാലുകളിലൂടെയും.
ആദ്യം കിതച്ചു, പിന്നെ കുതിച്ചു: മത്സരത്തിന്‍റെ ആദ്യപകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സ് മികച്ച രീതിയിലായിരുന്നില്ല പന്ത് തട്ടിയിരുന്നത്. പ്രതിരോധനിരയിലെ പാളിച്ചകളും മുന്നേറ്റനിരയിലെ ഫിനിഷിങിലുള്ള കുറവുകളും ബ്ലാസ്‌റ്റേഴ്‌സിനെ വല്ലാതെ വലച്ചു. അങ്ങനെയിരിക്കെ മത്സരത്തിന്‍റെ 15 ആം മിനുറ്റില്‍ ഡിയേഗോ മൗറീഷ്യോ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചു. പ്രതിരോധനിരയിലെ വിള്ളല്‍ മറയാക്കി മൗറീഷ്യോ ബ്ലാസ്‌റ്റേസ് ഗോള്‍പോസ്‌റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു.
ബ്ലാസ്‌റ്റേഴ്‌സിന്‍റെ ഗോള്‍വലയ്‌ക്ക് സമീപത്തെ അപകടങ്ങള്‍ അപ്പോഴും ഒഴിഞ്ഞിരുന്നില്ല. 21 ആം മിനുറ്റില്‍ സിക്‌സ് യാര്‍ഡ് ബോക്‌സിനകത്തേക്ക് ബോളുമായി കുതിച്ച മൗറീഷ്യോയെ നവോച്ച സിങ് ഫൗള്‍ ചെയ്‌തതോടെ ഒഡിഷയ്‌ക്ക് അനുകൂലമായ പെനാല്‍റ്റിയും വിധിച്ചു. എന്നാല്‍ മൗറീഷ്യോ എടുത്ത പെനാല്‍റ്റി കിക്ക് സച്ചിന്‍ സുരേഷ് എന്ന ആത്മവിശ്വാസത്തിന്‍റെ ആള്‍രൂപത്തില്‍ തട്ടി മടങ്ങുകയായിരുന്നു. പിന്നാലെ ഒട്ടനവധി ഗോള്‍ അവസരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് തുറന്നെടുത്തുവെങ്കിലും ഗോള്‍ അകന്നു നിന്നു.
കളവും വലയും നിറച്ച് ബ്ലാസ്‌റ്റേഴ്‌സ്: രണ്ടാം പകുതിയുടെ ആദ്യ മിനുറ്റുകളില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് രണ്ട് സബ്‌സ്‌റ്റിറ്റ്യൂഷനുകള്‍ നടത്തി. മലയാളി താരങ്ങളായ രാഹുല്‍ കെപിയെയും വിബിന്‍ മോഹനനെയും തിരിച്ചുവിളിച്ച് പകരക്കാരായി ദിമിത്രിയോസ് ഡയമന്‍റകോസിനെയും ഫ്രെഡ്ഡി ലാല്വമാവ്‌മയെയും പകരക്കാരായി എത്തിച്ചായിരുന്നു ഇത്. എന്നാല്‍ ഗോളിലേക്കുള്ള സുപ്രധാന മാറ്റങ്ങളായിരുന്നുവിതെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീട് കണ്ടത്.
കളത്തിലെത്തി എട്ടാം മിനുറ്റില്‍ തന്നെ ദിമി ഒഡിഷ ഗോള്‍വലയ്‌ക്ക് തീയിട്ടു. ദെയ്‌സുകി സകായ് ബോക്‌സിനകത്തേക്ക് വച്ചുനല്‍കിയ പന്ത് ഗോള്‍വലയിലേക്ക് മറിച്ചുനല്‍കിയായിരുന്നു ഡയമന്‍റകോസ് ബ്ലാസ്‌റ്റേഴ്‌സിന്‍റെ സമനില ഗോള്‍ നേടിയത്. ഒഡിഷ ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിങിനെ കാഴ്‌ചക്കാരനാക്കി നിര്‍ത്തിയായിരുന്നു ദിമിയുടെ വെടിപൊട്ടിക്കല്‍.
മാജിക്കല്‍ ലൂണ: ഇതിനോടകം റോയ് കൃഷ്‌ണയെ ഉള്‍പ്പടെ കളത്തിലെത്തിച്ച് ഒഡിഷ മൂന്ന് മാറ്റങ്ങള്‍ നടത്തിയെങ്കിലും അത് കടലാസില്‍ മാത്രമെ നടപ്പായുള്ളു. ഈ സമയം ദെയ്‌സുകിയെ തിരിച്ചുവിളിച്ച് മുഹമ്മദ് ഐമന് ബ്ലാസ്‌റ്റേസ് പരിശീലകന്‍ അവസരം നല്‍കി. 10 മിനുറ്റുകള്‍ക്കിപ്പുറം മുന്നേറ്റനിരയിലെ ക്വാമി പെപ്രയെയും മധ്യനിരയില്‍ പകരക്കാരനായെത്തിയ ഫ്രെഡ്ഡിയെയും തിരിച്ചുവിളിച്ച് മുഹമ്മദ് അസ്‌ഹറും ഇഷാന്‍ പണ്ഡിതയും ബ്ലാസ്‌റ്റേഴ്‌സിനായി കളത്തിലെത്തി. ഇതിന്‍റെ വേഗത ബ്ലാസ്‌റ്റേഴ്‌സിന്‍റെ മുന്നേറ്റനിരയിലും പ്രകടമായിരുന്നു.
84 ആം മിനുറ്റില്‍ ഒഡിഷ താരത്തിന്‍റെ കാലില്‍ നിന്നും മിസ്സായ പന്ത് റാഞ്ചി മുന്നോട്ട് കുതിച്ച ബ്ലാസ്‌റ്റേഴ്സ് നായകന്‍ അഡ്രിയാന്‍ ലൂണ മഞ്ഞക്കടലിനെ സാക്ഷിയാക്കി രണ്ടാം ഗോളും നേടി. ഒഡിഷ ഗോള്‍ കീപ്പര്‍ അമരീന്ദര്‍ മുന്നോട്ട് ഇറങ്ങിനിന്നിരുന്നത് മനസിലാക്കിയ ബ്ലാസ്‌റ്റേഴ്‌സിന്‍റെ മജീഷ്യന്‍ ലൂണ പന്തിനെ ഗോള്‍ പോസ്‌റ്റിനകത്തോക്ക് പറത്തുകയായിരുന്നു. തൊട്ടുപിന്നാലെ ഒഡിഷ താരങ്ങള്‍ സമനില ഗോളിനായി പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും ഫലം കണ്ടില്ല എന്നുമാത്രമല്ല, ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റത്തിന് മൂര്‍ച്ഛ കൂട്ടി ഒഡിഷയെ ഭയപ്പെടുത്തി നിര്‍ത്തുകയായിരുന്നു.