കണ്ണൂർ: ദേശീയ അന്തർദേശീയ മത്സരങ്ങൾക്ക് വേദിയായ സ്റ്റേഡിയം, ഫുട്‌ബോൾ ഇതിഹാസം മറഡോണ പന്ത് തട്ടിയ സ്റ്റേഡിയം.. അങ്ങനെ ലോകശ്രദ്ധയാകർഷിച്ചതാണ് കണ്ണൂർ ജവഹർ സ്റ്റേഡിയം. പക്ഷേ പെരുമ ഏറെ പറയാനുണ്ടെങ്കിലും സ്റ്റേഡിയത്തിന്‍റെ അവസ്ഥ ദയനീയാണ്. ഒരു ചെങ്കല്‍ക്വാറിക്ക് തുല്യമാണ് മൈതാനം. ഭൂരിഭാഗം സ്ഥലവും കാട് കയറിയ സ്റ്റേഡിയം, രാഷ്ട്രീയ പാർട്ടിക്കാർക്ക് പരിപാടി നടത്താനും, മാലിന്യവണ്ടികൾ നിർത്തിയിടാനും കാർ പാർക്കിംഗിനുമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. 2004ല്‍ ട്രാക്കും ഫീല്‍ഡും നിർമിക്കാൻ തീരുമാനിച്ചെങ്കിലും അത് ഉദ്ഘാടനത്തില്‍ അവസാനിച്ചു. സ്റ്റേഡിയം അന്യാധീനമാകുന്നതിന് പ്രധാന ഉത്തരവാദികൾ സ്പോർട്‌സ് കൗൺസിലും കോർപ്പറേഷനുമാണ്. മൈതാനം മോടി പിടിപ്പിക്കുന്നതിന്‍റെ ഭാഗമായി കിഫ്ബി വഴി പതിനൊന്നര കോടി രൂപ അനുവദിച്ചിരുന്നു. നവീകരണം നടന്നാല്‍ സ്റ്റേഡിയം സ്പോർട്സ് കൗൺസിലിന്‍റെ നിയന്ത്രണത്തിലാകുമെന്നതിനാല്‍ കോർപ്പറേഷൻ നവീകരണത്തിന് അനുമതി നല്‍കിയില്ല. അതോടെ കിട്ടിയ ഫണ്ടും നഷ്ടമായി.
1978ൽ മുനിസിപ്പൽ ചെയർമാൻ ആയിരുന്ന എൻകെ കുമാരൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് എല്ലാ ആധുനിക സംവിധാനങ്ങളോടും കൂടി സ്റ്റേഡിയം നിർമിച്ചത്. ഒരു രൂപ ലോട്ടറി അച്ചടിച്ച് അംബാസിഡർ കാർ സമ്മാനമായി നൽകിയാണ് സ്റ്റേഡിയം നിർമിക്കാൻ പണം കണ്ടെത്തിയത്. ഇറാൻ താരം മജീദ് ബക്സർ, ഇന്ത്യൻ താരങ്ങളായ ഇന്ദർ സിംഗ്, പ്രേം ദോർജി, പ്രശാന്ത് ബാനർജി തുടങ്ങിയ പ്രമുഖർ കാല്‍പ്പന്തുകൊണ്ട് വിസ്‌മയം സൃഷ്ടിച്ച മൈതാനമാണിത്.
കൂടുതല്‍ വായനയ്ക്ക്: ETV Bharat Exclusive " മറഡോണ കണ്ണൂരില്‍ വീണ്ടും പന്തുതട്ടും": പ്രതിമ ഉയരുന്നത് ജവഹര്‍ സ്റ്റേഡിയത്തില്‍
പുതിയ കോർപ്പറേഷൻ ഭരണ സമിതിക്ക് സ്റ്റേഡിയം നവീകരണത്തില്‍ താല്‍പര്യമുണ്ട്. കായിക പ്രേമികളുടേയും കളിക്കാരുടേയും ആഗ്രഹം നടപ്പിലാക്കാൻ സ്പോർട്സ് കൗൺസിലുമായും കായിക മന്ത്രിയുമായും ചർച്ച നടത്തുമെന്ന് മേയർ ടിഒ മോഹനൻ ഇടിവി ഭാരതിനോട് പറഞ്ഞു. വിട്ടുവീഴ്ച്ചക്ക് സർക്കാരും സ്പോർട്സ് കൗൺസിലും തയ്യാറാവണം. പ്രവൃത്തികൾക്ക് വിട്ട് നൽകുന്നതിന്‍റെ പേരിൽ മൈതാനം എന്നന്നേക്കുമായി കൈമാറാൻ കഴിയില്ലെന്നും മേയർ പറഞ്ഞു. ഫുട്ബോൾ ഇതിഹാസം മറഡോണ പന്ത് തട്ടിയ ജവഹർ സ്റ്റേഡിയത്തില്‍ അദ്ദേഹത്തിന്‍റെ പ്രതിമ സ്ഥാപിക്കുന്നു എന്ന ഇടിവി ഭാരത് വാർത്തയ്ക്ക് പിന്നാലെയാണ് മൈതാന നവീകരണത്തിനും വഴിയൊരുങ്ങുന്നത്.