ബാഴ്‌സലോണ: ഫ്രഞ്ച് ക്ലബ് പാരീസ് സെന്‍റ് ജെർമെയ്‌നുമായുള്ള (പിഎസ്‌ജി) കരാര്‍ പുതുക്കാത്ത അര്‍ജന്‍റൈന്‍ ഇതിഹാസ താരം ലയണല്‍ മെസി നിലവില്‍ ഫ്രീ ഏജന്‍റാണ്. സ്‌പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയുമായുള്ള ഏറെ വര്‍ഷങ്ങള്‍ നീണ്ട ബന്ധം അവസാനിപ്പിച്ച് 2021-ലായിരുന്നു ലയണല്‍ മെസി പിഎസ്‌ജിയില്‍ എത്തിയത്. ഫിനാന്‍ഷ്യല്‍ ഫെയര്‍പ്ലേയുമായി ബന്ധപ്പെട്ട നിയമങ്ങളായിരുന്നു മെസിയേയും ബാഴ്‌സയേയും വേര്‍പിരിച്ചത്.
പിന്നീട് ഫ്രഞ്ച് ക്ലബ്ബിനായി 74 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ അര്‍ജന്‍റൈന്‍ താരം 32 ഗോളും 35 അസിസ്റ്റുകളും നേടിയിട്ടുണ്ട്. രണ്ട് വര്‍ഷം കാലാവധിയുള്ള പിഎസ്‌ജിയുമായുള്ള മെസിയുടെ കരാര്‍ ഈ സീസണ്‍ വരെയായിരുന്നു. ഇതോടെ മെസിയെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി ബാഴ്‌സലോണ നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.
മെസി മടങ്ങിവരവ് ആഗ്രഹിക്കുന്നു: ഇപ്പോഴിതാ തന്‍റെ ബാല്യകാല ക്ലബായ ബാഴ്‌സലോണയിലേക്കുള്ള 35-കാരന്‍റെ തിരിച്ചുവരവിന്‍റെ സാധ്യതകളെക്കുറിച്ച് നിര്‍ണായക സൂചന നല്‍കിയിരിക്കുകയാണ് മെസിയുടെ പിതാവും ഏജന്‍റുമായ ഹോര്‍ഗെ മെസി. ബാഴ്‌സലോണയിലേക്ക് മടങ്ങാൻ താരം ആഗ്രഹിക്കുന്നുവെന്നാണ് ഹോര്‍ഗെ മെസി മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. താരത്തിന് അതിന് കഴിയുമെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"ലിയോ ബാഴ്‌സയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു. അതു ഞാനും ആഗ്രഹിക്കുന്നുണ്ട്. അവന് മടങ്ങിവരാൻ കഴിയുമെന്ന കാര്യത്തില്‍ ഞങ്ങൾക്ക് ഉറപ്പുണ്ട്" ഹോര്‍ഗെ മെസി മാധ്യമങ്ങളോട് പറഞ്ഞു. ബാഴ്‌സലോണ പ്രസിഡന്‍റ് ജോവാൻ ലാപോർട്ടയുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷമായിരുന്നു ഹോര്‍ഗെ മെസിയുടെ വാക്കുകള്‍.
ലാ ലിഗയുടെ ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കപ്പെട്ടാല്‍ മാത്രമേ ബാഴ്‌സലോണയ്‌ക്ക് മെസിയെ തിരികെ എത്തിക്കാന്‍ കഴിയൂ. ഇതിനായി ബാഴ്‌സലോണ മുന്നോട്ടുവച്ച പദ്ധതി ലാ ലിഗ അംഗീകരിച്ചതായി ചില റിപ്പോര്‍ട്ടുകളുണ്ട്. എന്നിരുന്നാലും വിഷയത്തില്‍ ക്ലബിന്‍റെ ഭാഗത്ത് നിന്നും ഇതുവരെ പ്രതികരണമുണ്ടായിട്ടില്ല.
ബാഴ്‌സയുടെ വാതിലുകള്‍ തുറന്നിരിക്കും: ലയണല്‍ മെസിക്ക് മുന്നില്‍ ബാഴ്‌സലോണയുടെ വാതിലുകള്‍ എപ്പോഴും തുറന്നിരിക്കുമെന്ന് നേരത്തെ പരിശീലകന്‍ സാവി ഹെര്‍ണാണ്ടസ് പ്രതികരിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മെസിയുടേത് തന്നെയാവുമെന്നായിരുന്നു സാവിയുടെ വാക്കുകള്‍.
"ബാഴ്‌സയുടെ വാതിലുകള്‍ എപ്പോഴും മെസിക്ക് മുന്നില്‍ തുറന്നിരിക്കുകയാണ്. മെസിയുടെ തിരിച്ചുവരവ് ടീമിന് ഏറെ ഗുണം ചെയ്യും. 35 വയസായെങ്കിലും ലോകകപ്പിലെ മെസിയുടെ തിളക്കമാര്‍ന്ന പ്രകടനം ലോകം കണ്ടതാണ്. ഏത് പൊസിഷനിലും ബാഴ്‌സയിൽ കളിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാകില്ല. ഇതുമായി ബന്ധപ്പെട്ട് മെസിയുമായി ചര്‍ച്ച നടത്തും. എന്നാല്‍ അന്തിമ തീരുമാനം അദ്ദേഹത്തിന്‍റേതാണ്". സാവി പറഞ്ഞു.
പണമെറിയാന്‍ ക്ലബുകള്‍: മെസിക്കായി വലവിരിച്ച് സൗദി അറേബ്യയിലേയും അമേരിക്കയിലേയും ക്ലബുകള്‍ രംഗത്തുണ്ട്. സൗദി ക്ലബ് അല്‍ ഹിലാല്‍ മെസിക്കായി 40 കോടി യുഎസ് ഡോളര്‍ (ഏകദേശം 3270 കോടി രൂപ) ഓഫര്‍ ചെയ്‌തുവെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറിലെ ഇന്‍റർ മിയാമിയും അര്‍ജന്‍റൈന്‍ താരത്തിനായി താത്‌പര്യം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരുന്നു. ഇംഗ്ലീഷ് ഇതിഹാസം ഡേവിഡ് ബെക്കാമിന്‍റെ ഉടമസ്ഥതയിലുള്ള ക്ലബാണ് ഇന്‍റർ മിയാമി.
ALSO READ: സിറ്റിക്കായി ആര്‍പ്പ് വിളിക്കാന്‍ കോലിയും അനുഷ്‌കയും; എഫ്‌എ കപ്പ് ഫൈനലിനിടെയുള്ള ചിത്രങ്ങള്‍ വൈറല്‍