ന്യൂഡല്‍ഹി: ജപ്പാന്‍ ഒളിമ്പിക് കമ്മിറ്റി ഉപമേധാവി കോസോ താഷിമയ്‌ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ജപ്പാന്‍ ഫുട്‌ബോൾ അസോസിയേഷന്‍ പ്രസിഡന്‍റ് കൂടിയായ താഷിമ തന്നെയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. ഫെബ്രുവരി 28 മുതല്‍ താന്‍ യാത്രകളില്‍ ആയിരുന്നെന്ന് താഷിമ വിശദീകരിച്ചു. ഇന്‍റർനാഷണല്‍ ഫുട്‌ബോൾ അസോസിയേഷൻ ബോർഡിന്‍റെ യോഗത്തില്‍ പങ്കെടുക്കാന്‍ ബെല്‍ഫാസ്റ്റിലേക്കാണ് ആദ്യം പോയത്. മാർച്ച് രണ്ടിന് ആംസ്റ്റർഡാമില്‍. അവിടെ യുവേഫ യോഗത്തില്‍ പങ്കെടുത്തു. പിന്നീട് അമേരിക്കയിലേക്ക് പോയി. താന്‍ യാത്ര ചെയ്‌ത സമയത്ത് ഇത്രയും നിയന്ത്രണങ്ങൾ ഇല്ലായിരുന്നുവെന്ന് താഷിമ പറഞ്ഞു.
താഷിമയുടെ പ്രസ്താവനയോടെ ടോക്കിയോ ഒളിമ്പിക്സിന്‍റെ ഭാവി കൂടുതല്‍ ആശങ്കയിലായി. ജൂലൈ 24 മുതല്‍ ഓഗസ്റ്റ് ഒമ്പത് വരെയാണ് ടോക്കിയോ ഒളിമ്പിക്‌സ്. കൊവിഡ് ഭീതിയിലും ഗെയിംസ് നടത്തുമെന്ന സൂചനയാണ് സംഘാടകർ നല്‍കുന്നത്. അതേസമയം ലോക കായിക രംഗത്തിന് വന്‍ പ്രത്യാഘാതമാണ് കൊവിഡ് 19 ഉണ്ടാക്കിയത്. ചൈനയിലെ വുഹാന്‍ നഗരത്തില്‍ നിന്നും പൊട്ടി പുറപ്പെട്ട കൊവിഡ് 19 ഇതിനകം 100 രാജ്യങ്ങളിലെ 1,50,000 പേരെ ബാധിച്ചു. കൊവിഡ് 19 ബാധിച്ച് ലോകത്ത് ആകമാനം മരിച്ചവരുടെ എണ്ണം 8,000 കവിഞ്ഞു.