ബെംഗളൂരു: ശ്രീകണ്ഠീവര സ്റ്റേഡിയത്തിലെ നാടകീയ സംഭവങ്ങൾക്കൊടുവിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ വിജയത്തോടെ സെമിയിൽ പ്രവേശിച്ച് ബെംഗളൂരു എഫ്‌സി. ഇന്ത്യൻ സൂപ്പർ ലീഗിലെ കേരള ബ്ലാസ്റ്റേഴ്‌സ്- ബെംഗളൂരു എഫ്‌സി പ്ലേഓഫ് നോക്കൗട്ട് മത്സരമാണ് നാടകീയ രംഗങ്ങൾക്കൊടുവിൽ പൂർണതയില്ലാതെ അവസാനിച്ചത്.
നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞതിനെത്തുടർന്ന് എക്‌സ്‌ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ 96-ാം മിനിട്ടിൽ ഫ്രീകിക്കിലൂടെ ബെംഗളൂരു നേടിയ ഗോളിനെ ചൊല്ലിയാണ് തർക്കം ഉടലെടുത്തത്. ഗോൾ അനുവദിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് മൈതാനം വിട്ട് പോവുകയായിരുന്നു. തുടർന്ന് ഏറെ നേരത്തെ ചർച്ചകൾക്കൊടുവിൽ റഫറി ബെംഗളൂരുവിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
എക്‌സ്‌ട്രാ ടൈമിൽ ബ്ലാസ്റ്റേഴ്‌സിന്‍റെ ബോക്‌സിന് വെളിയിൽ ബെംഗളൂരുവിന് ലഭിച്ച ഫ്രീകിക്കാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. സുനിൽ ഛേത്രിയെ ഫൗൾ ചെയ്‌തതിനായിരുന്നു ബെംഗളൂരുവിന് ഫ്രീകിക്ക് ലഭിച്ചത്. മത്സരത്തിന്‍റെ നിർണായക ഘട്ടത്തിൽ ലഭിച്ച ഫ്രീകിക്കിനെ പ്രതിരോധിക്കാൻ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തയ്യാറെടുക്കുകയായിരുന്നു. ഈ സമയം ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ പ്രഭ്‌സുഖൻ സിങ് താരങ്ങളുടെ പൊസിഷൻ നിയന്ത്രിക്കാൻ ഗോൾ പോസ്റ്റിന് ഒരുപാട് പുറത്തേക്ക് ഇറങ്ങി നിൽക്കുകയായിരുന്നു.
-
.@bengalurufc qualify for the semi-finals after #KeralaBlasters forfeit the match! 🔵#BFCKBFC #HeroISL #HeroISLPlayoffs #LetsFootball #BengaluruFC pic.twitter.com/GlzealhnMt
— Indian Super League (@IndSuperLeague) March 3, 2023 " class="align-text-top noRightClick twitterSection" data="
">.@bengalurufc qualify for the semi-finals after #KeralaBlasters forfeit the match! 🔵#BFCKBFC #HeroISL #HeroISLPlayoffs #LetsFootball #BengaluruFC pic.twitter.com/GlzealhnMt
— Indian Super League (@IndSuperLeague) March 3, 2023.@bengalurufc qualify for the semi-finals after #KeralaBlasters forfeit the match! 🔵#BFCKBFC #HeroISL #HeroISLPlayoffs #LetsFootball #BengaluruFC pic.twitter.com/GlzealhnMt
— Indian Super League (@IndSuperLeague) March 3, 2023
ഇതിനിടെയാണ് കിക്കെടുക്കാൻ നിന്ന സുനിൽ ഛേത്രി അപ്രതീക്ഷിതമായി പോസ്റ്റിലേക്ക് പന്തടിച്ച് കയറ്റിയത്. ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പ്രതിരോധിക്കാൻ തയ്യാറായിരുന്നില്ലെങ്കിലും റഫറി ആ ഗോൾ അനുവദിക്കുകയായിരുന്നു. ബെംഗളൂരു ഗോൾ ആഘോഷങ്ങൾ തുടങ്ങിയതിന് പിന്നാലെ അത് ഗോളല്ലെന്ന വാദവുമായി ബ്ലാസ്റ്റേഴ്‌സ് രംഗത്തെത്തി. പിന്നാലെ ഗോളിനെതിരെ മാച്ച് ഒഫീഷ്യൽസിനോട് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ച് പരാതിപ്പെട്ടു.
എന്നാൽ ഒഫീഷ്യൽസ് റഫറിയുടെ തീരുമാനത്തിൽ ഉറച്ച് നിൽക്കാൻ തീരുമാനിച്ചതോടെ വുക്കൊമനോവിച്ച് താരങ്ങളെ തിരിച്ച് വിളിക്കുകയായിരുന്നു. സൈഡ് ലൈനിന് പുറത്തെത്തിയ താരങ്ങളുമായി നീണ്ട നേരം ചർച്ച നടത്തിയ പരിശീലകൻ ഒടുവിൽ താരങ്ങളുമൊത്ത് മൈതാനത്ത് നിന്ന് മടങ്ങി. പിന്നാലെ റഫറിമാറും, മാച്ച് കോർഡിനേറ്റർമാരും തമ്മിൽ നടത്തിയ ദീർഘമായ ചർച്ചക്കൊടുവിൽ മത്സരത്തിൽ ബെംഗളൂരുവിന്‍റെ ഗോൾ അനുവദിക്കുകയും ഫൈനൽ വിസിൽ മുഴക്കുകയുമായിരുന്നു.
സ്വന്തം തട്ടകത്തിൽ ആക്രമിച്ച് ബെംഗളൂരു: സ്വന്തം തട്ടകത്തിൽ ബെംഗളൂരുവിന്‍റെ ആക്രമണത്തോടെയാണ് മത്സരം ആരംഭിച്ചത്. അഞ്ചാം മിനിറ്റില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് പെനാല്‍റ്റി ബോക്‌സിനടുത്തു വച്ച് ബെംഗളൂരുവിന് ഫ്രീകിക്ക് ലഭിച്ചു. ജാവി ഹെര്‍ണാണ്ടസെടുത്ത കിക്ക് ബ്ലാസ്റ്റേഴ്‌സ് ബോക്‌സിനുള്ളിൽ അപകടം വിതച്ചാണ് കടന്നുപോയത്. തുടർന്നും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലെ പിഴവുകൾ മുതലെടുത്ത് ബെംഗളൂരും ഒട്ടേറെ മുന്നേറ്റങ്ങൾ നടത്തി.
ഇതിനിടെ 24-ാം മിനിറ്റില്‍ റോയ് കൃഷ്‌ണ ബ്ലാസ്റ്റേഴ്‌സിന്‍റെ പെനാല്‍റ്റി ബോക്‌സില്‍ രണ്ടുതവണ വെല്ലുവിളിയുയര്‍ത്തി. ബെംഗളൂരു മുന്നേറ്റം കൗണ്ടര്‍ അറ്റാക്കുകളുമായി കളം നിറഞ്ഞപ്പോള്‍ പ്രതിരോധിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് ബുദ്ധിമുട്ടുന്ന കാഴ്‌ചയായിരുന്നു കാണാൻ സാധിച്ചത്. ഇതിനിടെ ആദ്യ പകുതിയുടെ അവസാന മിനിട്ടുകളിൽ ബ്ലാസ്റ്റേഴ്‌സും ചില മുന്നേറ്റങ്ങൾ നടത്തി. എന്നാൽ അവയൊന്നും ഗോളായി മാറിയില്ല. ഇതോടെ ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ കരുത്ത് കാട്ടി ബ്ലാസ്റ്റേഴ്‌സ്: എന്നാൽ രണ്ടാം പകുതിയിൽ കൂടുതൽ ഊർജത്തോടെ ആക്രമിച്ച് കളിക്കുന്ന ബ്ലാസ്റ്റേഴ്‌സിനെയാണ് കാണാനായത്. നിരവധി മികച്ച മുന്നേറ്റങ്ങൾ ബെംഗളൂരു ബോക്‌സിനുള്ളിൽ നടത്താൻ മഞ്ഞപ്പടയ്‌ക്കായി. 71-ാം മിനിറ്റില്‍ ഡാനിഷ് ഫാറൂഖിന് പകരം സഹല്‍ അബ്‍ദുള്‍ സമദ് കളത്തിലെത്തിയതോടെ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റത്തിന് വേഗം കൂടി. ബെംഗളൂരു നിരയിൽ സൂപ്പർ താരം സുനിൽ ഛേത്രിയും കളിത്തിലിറങ്ങി. ഇതോടെ മത്സരം കൂടുതൽ വാശിയേറിയതായി.
76-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ജെസ്സല്‍ കാർണെയ്റോ പരിക്കേറ്റ് കളം വിട്ടതോടെ ആയുഷ് അധികാരി മൈതാനത്തേക്കെത്തി. 81-ാം മിനിറ്റില്‍ ഡയമെന്‍റക്കോസിന്‍റെ ഹെഡര്‍ ബെംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു കയ്യിലൊതുക്കി. 84-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയെടുത്ത ഫ്രീകിക്ക് ബെംഗളൂരു കൃത്യമായി പ്രതിരോധിച്ചു. ഇതിനിടെ നിരവധി കോർണറുകൾ ലഭിച്ചെങ്കിലും അവയൊന്നും ഗോളാക്കി മാറ്റാൻ ബ്ലാസ്റ്റേഴ്‌സിനായില്ല.
ഇതോടെ മത്സരം അധിക സമയത്തക്ക് നീളുകയായിരുന്നു. എക്‌സ്‌ട്രാ ടൈമിന്‍റെ തുടക്കത്തില്‍ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങളാണ് നടത്തിയത്. ഇരുടീമുകളും പരസ്‌പരം ഗോളിനായി പോരാടിക്കൊണ്ടിരുന്നു. ഇതിനിടെയാണ് 96-ാം മിനിട്ടിൽ ബെംഗളൂരുവിന് വിവാദമായ ആ ഫ്രീകിക്ക് ലഭിച്ചത്. അതേസമയം വിജയം നേടിയ ബെംഗളൂരു എഫ്‌സി സെമി ഫൈനലിൽ മുംബൈ സിറ്റി എഫ്‌സിയെ നേരിടും. മാർച്ച് ഏഴിനാണ് മത്സരം.