കൊച്ചി : സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണയുമായുള്ള കരാര്‍ ഐഎസ്‌എല്‍ ക്ലബ് കേരള ബ്ലാസ്‌റ്റേഴ്‌സ് ദീര്‍ഘിപ്പിച്ചു. രണ്ടുവര്‍ഷത്തേക്കാണ് കരാര്‍ നീട്ടിയത്. ഇതോടെ 2024 വരെ യുറുഗ്വായ് താരം ക്ലബ്ബിനൊപ്പം തുടരും. കഴിഞ്ഞ സീസണില്‍ മിന്നുന്ന പ്രകടനം കാഴ്‌ചവച്ച താരം ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനലിലെത്തിച്ചതില്‍ നിര്‍ണായകമാണ്.
ആറുഗോളുകളും ഏഴ് അസിസ്റ്റുകളുമാണ് താരത്തിന്‍റെ സമ്പാദ്യം. അറ്റാക്കിങ് മിഡ്‌ഫീല്‍ഡറായ 30കാരനായ ലൂണ ബ്ലാസ്‌റ്റേഴ്‌സിന്‍റെ പ്ലേമേക്കറാണ്. കരാര്‍ പുതുക്കിയതില്‍ സന്തോഷമുണ്ടെന്ന് ലൂണ പ്രതികരിച്ചു.
മഞ്ഞപ്പടയ്ക്ക് മുന്നില്‍ കളിക്കാനായി കാത്തിരിക്കുകയാണ്. ക്ലബ്ബിനൊപ്പമുള്ള അടുത്ത മൂന്ന് വർഷങ്ങള്‍ മികച്ചതായിരിക്കുമെന്ന് വിശ്വസിക്കുന്നു. ഓരോ കളിയിലും ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാനും, വരും സീസണിൽ ടീമിനായി ഏറ്റവും മികച്ചത് നേടിയെടുക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ലൂണ പറഞ്ഞു.
ലൂണയുമായുള്ള കരാര്‍ ദീര്‍ഘിപ്പിച്ചതിന്‍റെ അവേശത്തിലാണെന്ന് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകമനോവിച്ച് പ്രതികരിച്ചു. കഴിഞ്ഞ സീസണിൽ പറഞ്ഞപോലെ അദ്ദേഹം ക്ലബ്ബിന് ഏറ്റവും യോജിച്ച കളിക്കാരനാണ്. ഐഎസ്‌എല്ലിലെ ഏറ്റവും മൂല്യമുള്ള കളിക്കാരിലൊരാള്‍ കൂടിയാണ് ലുണ. എപ്പോഴും ടീമിനായി മികച്ച പ്രകടനമാണ് താരം പുറത്തെടുക്കാറെന്നും വുകമനോവിച്ച് കൂട്ടിച്ചേര്‍ത്തു.
അതേസമയം വരും സീസണിനായി വിക്‌ടര്‍ മോംഗില്‍, ജിയാനു അപ്പോസ്തലസ്, ഇവാന്‍ കലിയൂഷ്‌നി എന്നീ വിദേശതാരങ്ങളെയും ബ്ലാസ്‌റ്റേഴ്‌സ് കൂടാരത്തിലെത്തിച്ചിട്ടുണ്ട്.