പനാജി : ഐഎസ്എല്ലില്‍ ഞായറാഴ്‌ച നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ജംഷഡ്‌പൂര്‍ എഫ്‌സിക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ജംഷഡ്‌പൂര്‍ ചെന്നൈയിനെ തോല്‍പ്പിച്ചത്.
മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകള്‍ക്ക് മുന്നിലെത്താന്‍ ജംഷഡ്‌പൂരിനായിരുന്നു. 23ാം മിനിറ്റില്‍ റിത്വിക് ദാസാണ് സംഘത്തിന്‍റെ ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് 33ാം മിനിട്ടില്‍ ബോറിസ് സിങ്ങും 39ാം മിനിട്ടില്‍ ഡാനിയേല്‍ ചിമ ചുക്‌വും ലീഡുയര്‍ത്തി.
രണ്ടാം പകുതിയില്‍ ഗ്രെഗ് സ്റ്റുവര്‍ട്ടിന്‍റെ ഷോട്ട് വലയില്‍ കയറിയതോടെ ജംഷഡ്‌പൂരിന്‍റെ പട്ടികയിലെ നാലാം ഗോളും പിറന്നു. 61ാം മിനിട്ടില്‍ വാല്‍സ്കിസിലൂടെയാണ് ചെന്നൈയിന്‍റെ ആശ്വാസ ഗോള്‍ പിറന്നത്.
വിജയത്തോടെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താന്‍ ജംഷഡ്‌പൂരിനായി. 16 മത്സരങ്ങളില്‍ 31 പോയിന്‍റാണ് സംഘത്തിനുള്ളത്.18 മത്സരങ്ങളില്‍ 20 പോയിന്‍റുള്ള ചെന്നൈയിന്‍ എട്ടാം സ്ഥാനത്താണ്.