ന്യൂഡല്‍ഹി: റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയ്‌ക്കെതിരെ (ഡബ്ല്യുഎഫ്‌ഐ) പ്രതിഷേധവുമായി താരങ്ങള്‍. ടോക്കിയോ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവ് ബജ്‌രംഗ് പുനിയ, ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ് വിനേഷ് ഫോഗട്ട് ഉള്‍പ്പെടെയുള്ള താരങ്ങളാണ് പ്രതിഷേധിക്കുന്നത്. ഫെഡറേഷന്‍ പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്‍റെ 'സ്വേച്ഛാധിപത്യ'ത്തിനെതിരെയാണ് പ്രതിഷേധമെന്നാണ് വിവരം.
റിയോ ഒളിമ്പിക്‌സ് മെഡൽ ജേതാവ് സാക്ഷി മാലിക്, ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവ് സരിത മോർ, സംഗീത ഫോഗട്ട്, സത്യവർത് മാലിക്, ജിതേന്ദർ കിൻഹ, കോമണ്‍വെല്‍ത്ത്ഗെയിംസ് മെഡൽ ജേതാവ് സുമിത് മാലിക് എന്നിവരടക്കം 30 റെസ്‌ലിങ് താരങ്ങളാണ് പ്രതിഷേധത്തിനായി ജന്തർമന്തറിൽ ഒത്തുകൂടിയത്. തങ്ങളുടെ പരാതികളുടെയോ ആവശ്യങ്ങളുടെയോ കൃത്യമായ വിശദാംശങ്ങൾ താരങ്ങള്‍ പങ്കിട്ടിട്ടില്ലെങ്കിലും കൈസർഗഞ്ചിൽ നിന്നുള്ള ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷണിന്‍റെ ഡബ്ല്യുഎഫ്‌ഐ ഭരണത്തില്‍ താരങ്ങള്‍ അതൃപ്‌തരാണെന്നാണ് വിവരം.
"ഞങ്ങളുടെ പോരാട്ടം സർക്കാരിനോ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയ്‌ക്കോ (എസ്‌എഐ) എതിരെയല്ല. ഇത് ഡബ്ല്യുഎഫ്‌ഐയ്‌ക്കെതിരെയാണ്. വിശദാംശങ്ങൾ ഞങ്ങൾ പിന്നീട് അറിയിക്കാം". ബജ്‌രംഗ് പുനിയ വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
ബജ്‌റംഗിന്‍റെ പരിശീലകന്‍ സുജീത് മാൻ, ഫിസിയോ ആനന്ദ് ദുബെ എന്നിവരുൾപ്പെടെയുള്ള സപ്പോർട്ടിങ് സ്റ്റാഫും പ്രതിഷേധത്തിൽ പങ്കുചേർന്നിട്ടുണ്ട്. 'സ്വേച്ഛാധിപത്യം വച്ചുപൊറുപ്പിക്കാനാവില്ല' മറ്റൊരു റെസ്‌ലര്‍ പ്രതികരിച്ചു.
ഫെഡറേഷനെതിരെ ഒരു ട്വീറ്റിലൂടെ സാക്ഷി രംഗത്തെത്തിയിരുന്നു. "രാജ്യത്തിന് വേണ്ടി മെഡലുകൾ നേടാൻ താരങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. എന്നാല്‍ ഞങ്ങളെ തരംതാഴ്ത്തിയതല്ലാതെ ഫെഡറേഷൻ ഒന്നും ചെയ്തിട്ടില്ല. കായികതാരങ്ങളെ പീഡിപ്പിക്കാൻ ഏകപക്ഷീയമായ നിയമങ്ങൾ രൂപപ്പെടുത്തുകയാണ്" സാക്ഷി ട്വീറ്റ് ചെയ്തു.
അൻഷു മാലിക്കും സംഗീത ഫോഗട്ടുമുള്‍പ്പെടെയുള്ള താരങ്ങള്‍ ഇതേവരികള്‍ ബോയ്‌കോട്ട് ഡബ്ല്യുഎഫ്‌ഐ പ്രസിഡന്‍റ് എന്ന ഹാഷ്‌ടാഗിൽ ട്വീറ്റ് ചെയ്‌തിട്ടുണ്ട്. പിഎംഒ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ ടാഗ് ചെയ്‌താണ് ട്വീറ്റ്. അതേസമയം 2011 മുതല്‍ ഡബ്ല്യുഎഫ്‌ഐ തലപ്പത്തുള്ള ബ്രിജ് ഭൂഷൺ 2019 ഫെബ്രുവരിയിൽ തുടർച്ചയായ മൂന്നാം തവണയും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ALSO READ: ഓസ്‌ട്രേലിയൻ ഓപ്പൺ : നിലവിലെ ചാമ്പ്യന്‍ രണ്ടാം റൗണ്ടില്‍ പുറത്ത് ; നദാലിനെ അട്ടിമറിച്ച് മക്കെൻസി