ന്യൂഡല്‍ഹി: പലരുടേയും ജീവിത വിജയങ്ങള്‍ക്ക് പിന്നില്‍ ഒരു സ്‌ത്രീയ്‌ക്ക്, അല്ലെങ്കില്‍ അമ്മയ്‌ക്ക് പ്രധാന പങ്കാണുള്ളത്. ഈ വസ്‌തുതയിലേക്ക് വിരല്‍ ചൂണ്ടുകയാണ് ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം അംഗങ്ങളായ ആശാലതാ ദേവി, ദലീമ ചിബ്ബർ, അദിതി ചൗഹാൻ, ബാലാ ദേവി എന്നിവര്‍.
അന്താരാഷ്ട്ര വനിത ദിനത്തിന് മുന്നോടിയായുള്ള ഒരു പാനൽ ചർച്ചയിലാണ് ഇവര്‍ മനസ് തുറന്നത്. രാജ്യത്തെ വനിതാ കായികതാരങ്ങളുടെ പോരാട്ടങ്ങളെയും പ്രചോദനങ്ങളെയും കേന്ദ്രീകരിച്ചുനടന്ന ചര്‍ച്ചയില്‍ തങ്ങളുടെ വിജയത്തിന് പിന്നിലെ പൊതുഘടകമെന്നത് അമ്മമാരാണെന്നാണ് താരങ്ങള്‍ വ്യക്തമാക്കിയത്.
"എന്നെ സംബന്ധിച്ചിടത്തോളം എന്‍റെ പ്രചോദനം ആരംഭിക്കുന്നത് വീട്ടിൽ നിന്നാണ്. എന്‍റെ അമ്മയാണ് എനിക്ക് പിന്നില്‍ പാറപോലെ ഉറച്ച് നില്‍ക്കുന്നത്. അവര്‍ ഏറ്റവും വലിയ പിന്തുണയാണ്, എന്‍റെ ഏറ്റവും വലിയ ചിയർ ലീഡറാണ്, എപ്പോഴും മികച്ചത് ചെയ്യാൻ അവൾ എന്നെ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും. അതിനുശേഷം അതെന്‍റെ സഹോദരിയാണ്" ഇന്ത്യൻ വനിതാ ടീം ഫുൾബാക്ക് ഡാലിമ ചിബ്ബർ പറഞ്ഞു. തന്‍റെ മൂത്ത സഹോദരിയെ പിന്തുടര്‍ന്നാണ് താന്‍ സ്‌പോര്‍ട്‌സിന്‍റെ ഭാഗമായതെന്നും താരം കൂട്ടിച്ചേര്‍ത്തു.
സ്‌പോര്‍ട്‌സിലേക്കിറങ്ങുമ്പോള്‍ തനിക്ക് സമൂഹത്തില്‍ നിന്നും ചില "ധാരണയുടെ തടസങ്ങൾ" നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് അദിതി ചൗഹാന് പറയാനുള്ളത്. എന്നാൽ അമ്മയുടെ പിന്തുണയാണ് തന്നെ ഒരുപാട് മുന്നോട്ട് നയിച്ചതെന്നും അദിതി പറയുന്നു.
"ഒരുപാട് കാര്യങ്ങൾ സമൂഹത്തിൽ നിന്ന് വരുന്നു, പക്ഷേ എന്‍റെ അമ്മ ഈ കാര്യങ്ങൾ സ്വയം ഏറ്റെടുക്കുന്നത് ഞാൻ കണ്ടു. അതൊന്നും ഞങ്ങളിലേക്ക് വരാൻ അവര്‍ അനുവദിച്ചില്ല. എന്നെപ്പോലെ ഒരു പെൺകുട്ടിക്ക് ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സ്വന്തം വഴി തെരഞ്ഞെടുക്കുക. വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുക" അദിതി പറഞ്ഞു.
അതേസമയം കുറച്ച് വ്യത്യസ്‌തമായ അനുഭവമാണ് ക്യാപ്റ്റന്‍ ആശാലതാ ദേവിക്ക് പറയാനുള്ളത്. അമ്മയില്‍ നിന്നും ആദ്യം തനിക്ക് ശരിക്കുള്ള പിന്തുണയുണ്ടായിരുന്നില്ലെന്ന് താരം പറഞ്ഞു. അതിന് കാരണം സമൂഹത്തിലുണ്ടായിരുന്ന ചില ധാരണകളാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
''ആദ്യം അമ്മ ശരിക്കും പിന്തുണച്ചില്ല. നമ്മുടെ ചുറ്റുമുള്ള ആരും ഫുട്‌ബോളിൽ കാര്യമായ നേട്ടങ്ങൾ കൈവരിക്കുന്നത് അവര്‍ കണ്ടില്ല എന്നതാണ് പ്രധാന കാരണം. പകരം എന്‍റെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് എന്നോട് ആവശ്യപ്പെട്ടത്.
ഞാൻ പലപ്പോഴും ഒളിച്ചാണ് കളിക്കാൻ പോയ്‌ക്കൊണ്ടിരുന്നത്. എന്തെങ്കിലും പരിക്കുണ്ടായാല്‍ അത് അമ്മകാണാതിരിക്കാന്‍ ഞാന്‍ ശ്രമിക്കും. അതുകണ്ടുപിടിക്കപ്പെട്ടാല്‍ അടുത്ത ദിവസം പുറത്തുപോയി കളിക്കാൻ അനുവദിക്കില്ലായിരുന്നു. എന്നെ ശ്രദ്ധിക്കുന്നതും പരിപാലിക്കുന്നതുമാണ് അവരുടെ രീതി.
ആൺകുട്ടികൾക്കെതിരെ കളിക്കുമ്പോൾ എനിക്ക് ഗുരുതരമായി പരിക്കേല്‍ക്കുന്നതിനെക്കുറിച്ച് അവര്‍ എപ്പോഴും ആശങ്കയിലായിരുന്നു. എന്‍റെ മുത്തശ്ശിയുടെ കാര്യവും ഇത് തന്നെയായിരുന്നു. ഒടുവിൽ, ഇന്ത്യയുടെ അണ്ടർ 17 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ഞാൻ ഫുട്ബോൾ കളിക്കും എന്ന വസ്തുത എല്ലാവരും അംഗീകരിച്ചു. അതിനുശേഷം, എനിക്ക് അവരുടെ പൂർണ്ണ പിന്തുണയല്ലാതെ മറ്റൊന്നും ലഭിച്ചില്ല, അത് ശരിക്കും പ്രധാനമാണ്'' ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.