ഹൈദരാബാദ് : വിവാഹവും പിന്നാലെ ഒരു കുഞ്ഞുമൊക്കെ ആവുന്നതോടുകൂടി സ്‌ത്രീകള്‍ തങ്ങളുടെ കുടുംബത്തില്‍ ഒതുങ്ങിക്കൂടുന്നതായിരുന്നു ഇന്ത്യയിലെ പഴയ കാല രീതി. കായിക രംഗത്താണെങ്കില്‍ ഇതിന്‍റെ കാര്യം പറയുകയും വേണ്ട. എന്നാല്‍ അടുത്തകാലത്തായി ഈ ഉള്‍വലിച്ചില്‍ ചിന്തയെ തകര്‍ത്തെറിഞ്ഞ് മുന്നോട്ടുവരുന്ന അത്‌ലറ്റുകളുടെ എണ്ണം വര്‍ധിക്കുന്ന കാഴ്‌ചയാണുള്ളത്.
ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ സാനിയ മിര്‍സയും (Sania Mirza) മേരി കോമും (Mary Kom) ഇത്തരത്തില്‍ മാതൃകകള്‍ തീര്‍ത്തവരാണ്. സെപ്‌റ്റംബര്‍ 23-ന് ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസിലും (Asian Games 2023) കുറച്ച് അമ്മമാര്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നുണ്ട്. അവരില്‍ ചിലരെക്കുറിച്ച് അറിയാം (Indian Moms At Asian Games 2023).
ദീപിക പള്ളിക്കല്‍ Dipika Pallikal (സ്‌ക്വാഷ്) : ഇന്ത്യൻ സ്ക്വാഷിലെ പോസ്റ്റർ ഗേളാണ് മലയാളി താരമായ ദീപിക പള്ളിക്കൽ. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്ക്വാഷിൽ ഇന്ത്യയ്‌ക്കായി ആദ്യ സ്വര്‍ണം നേടിയെടുക്കാന്‍ ദീപിക പള്ളിക്കലിന് കഴിഞ്ഞിരുന്നു. 2014 -ല്‍ ഗ്ലാസ്‌കോയില്‍ നടന്ന കോമൺവെൽത്ത് ഗെയിംസില്‍ ജോഷ്‌ന ചിന്നപ്പയ്‌ക്കൊപ്പമായിരുന്നു ദീപികയുടെ സ്വര്‍ണ നേട്ടം. ലോക ചാമ്പ്യൻഷിപ്പുകളിലും ഏഷ്യൻ ഗെയിംസിലും താരം രാജ്യത്തിനായി മെഡല്‍ നേടിയിട്ടുണ്ട്.
സ്‌ക്വാഷ് റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇടം നേടിയ ആദ്യ ഇന്ത്യന്‍ വനിത കൂടിയാണ് ദീപിക. ഇന്ത്യന്‍ ക്രിക്കറ്റര്‍ ദിനേശ് കാര്‍ത്തിക്കിനെ ( Dinesh Karthik) വിവാഹം കഴിച്ച ദീപിക 2021 ഒക്‌ടോബറില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയിരുന്നു. കബീർ, സിയാൻ എന്നിങ്ങനെയാണ് ദമ്പതികള്‍ തങ്ങളുടെ മക്കള്‍ക്ക് പേരിട്ടത്.
ഏതാനും മാസങ്ങൾക്ക് ശേഷം, സ്ക്വാഷ് കോർട്ടിലേക്ക് തിരികെ എത്തിയ ദീപിക ബർമിങ്‌ഹാം കോമൺവെൽത്ത് ഗെയിംസിൽ മിക്സഡ് ഡബിൾസ് വെങ്കല മെഡൽ നേടിയിരുന്നു. ഇത്തവണത്തെ ഏഷ്യന്‍ ഗെയിംസില്‍ മിക്‌സഡ് ഡബിൾസിലാണ് മത്സരിക്കുന്നത്.
കൊനേരു ഹംപി Koneru Humpy (ചെസ്) :ഇന്ത്യയിലെ ഏറ്റവും മികച്ച ചെസ് താരങ്ങളില്‍ ഒരാളാണ് ഗ്രാൻഡ് മാസ്റ്റർ കൊനേരു ഹംപി. 2002-ല്‍ 15 വയസും ഒരു മാസവും 27 ദിവസവും പ്രായമുള്ളപ്പോൾ ഗ്രാന്‍ഡ്‌മാസ്റ്റര്‍ പട്ടം സ്വന്തമാക്കാന്‍ കൊനേരുവിന് കഴിഞ്ഞിരുന്നു. പ്രസ്‌തുത നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയായിരുന്നു ഹംപി. കൂടാതെ എലോ റേറ്റിങ്ങില്‍ 2600 മാർക്ക് മറികടക്കുന്ന രണ്ടാമത്തെ വനിത എന്ന നേട്ടവും താരം സ്വന്തമാക്കിയിരുന്നു.
2017-ൽ മകൾ അഹാനയ്ക്ക് ജന്മം നൽകിയ താരം രണ്ട് വര്‍ഷത്തോളം മത്സര രംഗത്ത് നിന്നും മാറി നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് 2019-ലെ തന്‍റെ തിരിച്ചുവരവില്‍ വനിത ലോക റാപ്പിഡ് ചാമ്പ്യന്‍ പട്ടം തൂക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. ഫിഡെ വിമൻസ് ഗ്രാൻഡ് പ്രിക്സ് 2019-21 പതിപ്പിൽ രണ്ടാം സ്ഥാനവും ഹംപി നേടിയിരുന്നു. 36-കാരിയായ ഹംപി ഏഷ്യന്‍ ഗെയിംസില്‍ വ്യക്തിഗത, ടീം ഇനങ്ങളിലാണ് മത്സരിക്കുന്നത്.
ഹരിക ദ്രോണവല്ലി Harika Dronavalli (ചെസ്) : ലോക ചാമ്പ്യൻഷിപ്പില്‍ മൂന്ന് തവണ മെഡല്‍ നേടിയ താരമാണ് ഗ്രാൻഡ്‌മാസ്റ്റര്‍ ഹരിക ദ്രോണവല്ലി. ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് ഏറെ പ്രചോദനമാണ് ഈ 32 കാരി. കഴിഞ്ഞ വർഷം ഒമ്പത് മാസം ഗര്‍ഭിണിയായിരിക്കെയാണ് താരം ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്. കൊനേരു ഹംപി, ആർ വൈശാലി, ടാനിയ സച്ച്‌ദേവ്, ഭക്തി കുൽക്കർണി എന്നിവർക്കൊപ്പം, ചെസ് ഒളിമ്പ്യാഡിലെ വനിത ടീം ഇനത്തില്‍ വെങ്കലമെഡല്‍ നേടാന്‍ ഹരികയ്‌ക്ക് കഴിഞ്ഞിരുന്നു.
ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍ വനിതകള്‍ നേടുന്ന ആദ്യമെഡലാണിത്. ഏതാനും ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു മകള്‍ ഹന്‍വികയ്‌ക്ക് ഹരിക ജന്മം നല്‍കിയത്. 2010-ലെ ഗെയിംസിൽ വ്യക്തിഗത വിഭാഗത്തിൽ വെങ്കലം നേടിയ താരം ഇത്തവണയും മെഡല്‍ പ്രതീക്ഷയിലാണ്.
മൻപ്രീത് കൗർ Manpreet Kaur (ഷോട്ട്പുട്ട്) : വനിത ഷോട്ട്‌പുട്ടില്‍ ദേശീയ റെക്കോഡ് ജേതാവാണ് മൻപ്രീത് കൗർ. 2010-ൽ ഡൽഹി കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച താരം പിന്നാലെ നടന്ന വിവാഹത്തിനും മകളുടെ ജനനത്തിനുമായി മൂന്ന് വര്‍ഷത്തോളം ഫീല്‍ഡില്‍ നിന്നും ഇടവേളയിലായിരുന്നു. തുടര്‍ന്ന് 2016-ൽ മത്സര രംഗത്തേക്ക് മടങ്ങിയെത്തിയ മന്‍പ്രീത് കൗര്‍ 2016-ലെ റിയോ ഒളിമ്പിക്‌സിനായി യോഗ്യത നേടിയ ഏക വനിത ഷോട്ട്‌പുട്ട് താരമാണ്.
എന്നാല്‍ ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെട്ടതിന് പിന്നാലെ 2017 ജൂലൈയിൽ കൗറിന് നാല് വർഷത്തെ വിലക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഫീല്‍ഡിലേക്ക് വമ്പന്‍ മടങ്ങി വരവായിരുന്നു താരം നടത്തിയത്. 18.06 മീറ്റർ ദൂരത്തേക്ക് ഷോട്ട്‌പുട്ട് എറിഞ്ഞ താരം തന്‍റെ സ്വന്തം ദേശീയ റെക്കോർഡ് തകർക്കുകയും 18 മീറ്റർ കടക്കുന്ന ആദ്യ ഇന്ത്യൻ വനിതയായി മാറുകയും ചെയ്‌തിരുന്നു.