ഏഷ്യന്‍ ഗെയിംസ് (Asian Games) ചരിത്രത്തില്‍ ഇന്ത്യ അയച്ച ഏറ്റവും വലിയ സംഘം ഹാങ്‌ചോയില്‍ നിന്നും മടങ്ങുന്നത് സ്വപ്‌ന തുല്യമായ നേട്ടം സ്വന്തമാക്കിയാണ്. 650-ലധികം പേരടങ്ങുന്ന വമ്പന്‍ ടീമിനെയായിരുന്നു ഇന്ത്യ ഇക്കുറി ഏഷ്യന്‍ ഗെയിംസിനായി അയച്ചത്. സെപ്‌റ്റംബര്‍ 23ന് ഔദ്യോഗികമായി തുടങ്ങിയ പോരാട്ടങ്ങള്‍ക്ക് ഇന്ന് തിരശീല വീഴുമ്പോള്‍ തല ഉയര്‍ത്തി തന്നെയാണ് ഇന്ത്യയുടെ മടക്കവും (Asian Games 2023 Closing Ceremony).
വിവിധ മത്സര വിഭാഗങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ തങ്ങളുടെ പോരാട്ടവീര്യം പുറത്തെടുത്തപ്പോള്‍ ഹാങ്‌ചോയില്‍ ഇന്ത്യ സ്വന്തമാക്കിയത് 107 മെഡലുകളാണ്. അതില്‍ 28 എണ്ണത്തിന് പൊന്‍ തിളക്കം. കൂടാതെ, 38 വെള്ളിയും 41 വെങ്കലവും ഇന്ത്യന്‍ നേട്ടത്തിന്‍റെ മാറ്റുകൂട്ടുന്നു (India Wins 107 Medals At Asian Games 2023).
ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ 100 മെഡലുകളെന്ന നേട്ടത്തിലേക്ക് എത്തുന്നത്. 2018ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഗെയിംസില്‍ 70 മെഡലുകളായിരുന്നു ഇതിന് മുന്‍പത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടം. അന്ന് എട്ടാം സ്ഥാനത്തായിരുന്നു മെഡല്‍ പട്ടികയില്‍ സ്ഥാനമെങ്കില്‍ ഇക്കുറി നാലാമതായാണ് ഇന്ത്യ മടങ്ങുന്നത്.
ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ രാജ്യങ്ങളാണ് മെഡല്‍ വേട്ടയില്‍ ഇന്ത്യയ്‌ക്ക് മുന്നില്‍. ആതിഥേയ രാഷ്‌ട്രമായ ചൈന 201 സ്വര്‍ണമുള്‍പ്പടെ 383 മെഡലുകള്‍ നേടിയപ്പോള്‍ രണ്ടാം സ്ഥാനക്കാരായ ജപ്പാന്‍ സ്വന്തമാക്കിയത് 52 സ്വര്‍ണം ഉള്‍പ്പടെ 188 മെഡലുകളാണ്. സൗത്ത് കൊറിയയുടെ അക്കൗണ്ടില്‍ 42 സ്വര്‍ണം ഉള്‍പ്പടെ 190 മെഡലുകളുമാണ് ഉള്ളത്.
പൊന്നായി ഇന്ത്യന്‍ താരങ്ങള്‍ : അത്‌ലറ്റിക്‌സ്, ഷൂട്ടിങ് വിഭാഗത്തില്‍ മെഡല്‍ക്കൊയ്‌ത്താണ് ഇന്ത്യ ഇപ്രാവശ്യം നടത്തിയത്. ആറ് സ്വര്‍ണം ഉള്‍പ്പടെ 29 മെഡലുകളാണ് അത്ലറ്റിക്‌സില്‍ ഇന്ത്യ നേടിയത്. ഷൂട്ടിങ് ഇനത്തിലെ വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത ഇന്ത്യന്‍ താരങ്ങള്‍ ഏഴ് സ്വര്‍ണവും ഒന്‍പത് വെള്ളിയും ആറ് വെങ്കലവും ഉള്‍പ്പടെ 22 മെഡലുകളായിരുന്നു സ്വന്തമാക്കിയത്.
കബഡിയിലും ക്രിക്കറ്റിലും കളത്തിലിറങ്ങിയ ഇന്ത്യയുടെ പുരുഷ വനിത ടീമുകള്‍ സ്വര്‍ണവുമായാണ് തിരികെ കയറിയത്. ഹാങ്‌ചോയിലെ സ്വര്‍ണ നേട്ടത്തോടെ 2024 പാരിസ് ഒളിമ്പിക്‌സില്‍ മത്സരിക്കാനുള്ള സ്ഥാനം ഉറപ്പിക്കാന്‍ ഇന്ത്യയുടെ ഹോക്കി ടീമിനും സാധിച്ചു. ചരിത്രത്തില്‍ ആദ്യമായി ബാഡ്‌മിന്‍റണില്‍ ഇന്ത്യയുടെ ഗോള്‍ഡ് മെഡല്‍ നേട്ടവും ഇപ്രാവശ്യത്തേതാണ്.
സ്വാതിക് - ചിരാഗ് സഖ്യത്തിലൂടെയാണ് ഇന്ത്യ ബാഡ്‌മിന്‍റണില്‍ പുതുചരിത്രം സൃഷ്‌ടിച്ചത്. ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങിലായിരുന്നു ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടം. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ഇന്ത്യയ്‌ക്ക് വേണ്ടി മത്സരിച്ച മെഹുലി ഘോഷ് (Mehuli Ghosh), ആഷി ചൗക്‌സി (Ashi Chouksey), റമിത (Ramita) എന്നിവര്‍ വെള്ളിയിലൂടെയാണ് ഇന്ത്യയ്‌ക്ക് ആദ്യ മെഡല്‍ സമ്മാനിച്ചത്.