ന്യൂഡല്‍ഹി: ഇന്ത്യയുടെ ഒളിമ്പിക്സ് മെഡല്‍ നേട്ടം വര്‍ധിപ്പിക്കാന്‍ മികച്ച യുവ താരങ്ങളെ കണ്ടെത്തണമെന്ന് കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു. രാജ്യത്ത് 130 കോടി ജനങ്ങളുണ്ട്. എന്നിട്ടും നമ്മള്‍ക്ക് ഒളിമ്പിക്സില്‍ 28 മെഡലുകള്‍ മാത്രമാണ് സ്വന്തമാക്കാന്‍ കഴിഞ്ഞത്. കഴിവുള്ള താരങ്ങളെ കണ്ടെത്താനാണ് രാജ്യത്ത് ഖേലോ ഇന്ത്യ പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കുതെന്നും അദ്ദേഹം പറഞ്ഞു.
കായികരംഗത്തേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനായി സർക്കാർ രാജ്യത്ത് കായിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും. ഇതിനായി കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ പങ്കാളിത്വവും സ്വീകരിക്കുന്നുണ്ട്. വിവിധ കായിക ഇനങ്ങള്‍ക്കായി അക്കാദമികള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. അതേ സമയം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഷൂട്ടിങ് ഒഴിവാക്കിയതില്‍ പുനരാലോചിക്കും. 2020ല്‍ ടോക്കിയോ ഒളിമ്പിക്സിലേക്ക് മികച്ച താരങ്ങളാവും പോവുകയെന്നും മന്ത്രി അറിയിച്ചു.