ലഖ്‌നൗ: സംഭാലിലെ ഷാഹി മസ്‌ജിദില്‍ സര്‍വേയ്‌ക്കിടെ സംഘര്‍ഷമുണ്ടായതിന്‍റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ല ഭരണകൂടം. ജില്ലയ്‌ക്ക് പുറത്തുനിന്നുള്ളവരോ സാമൂഹിക സംഘടനകളോ ജനപ്രതിനിധികളോ അനുമതിയില്ലാതെ ജില്ലാ അതിര്‍ത്തി കടക്കരുതെന്നാണ് ഉത്തരവ്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ബിഎൻഎസ് സെക്ഷൻ 223 പ്രകാരം കേസ് എടുക്കുമെന്നും ജില്ലാഭരണകൂടം അറിയിച്ചു. നവംബര്‍ 30 വരെയാണ് നിരോധനാജ്ഞ ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു പ്രദേശത്ത് വൻ സംഘര്‍ഷമുണ്ടായത്. മസ്‌ജിദ് പണിതിരിക്കുന്നത് ക്ഷേത്രാവശിഷ്‌ടങ്ങള്‍ക്ക് മുകളിലാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി അഭിഭാഷകൻ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി ഉത്തരവ് പ്രകാരം മസ്‌ജിദില്‍ സര്‍വേയ്‌ക്കായി സംഘമെത്തിയപ്പോള്‍ പ്രദേശത്ത് ജനക്കൂട്ടം രൂപപ്പെടുകയും ഇവര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയുമായിരുന്നു.
പ്രതിഷേധക്കാര്‍ സര്‍വേ നടത്താനെത്തിയവര്‍ക്ക് നേരെ കല്ലെറിഞ്ഞു. പൊലീസ് ഇടപെട്ടതോടെയാണ് പ്രദേശത്ത് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. അതേസമയം, മരണസംഖ്യ നാലായി ഉയര്‍ന്നെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഇരുപത്തിയൊന്ന് പേരെ കസ്റ്റഡിയിലെടുത്തു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ലോക്കല്‍ പൊലീസിന്‍റെയും മസ്‌ജിദ് മാനേജ്‌മെന്‍റിന്‍റെയും സാന്നിധ്യത്തില്‍ നവംബര്‍ 19നും പ്രദേശത്ത് സമാനമായ സര്‍വേ നടന്നിരുന്നു. ക്ഷേത്രത്തോട് സാമ്യമുള്ള വസ്‌തുക്കളും ചിഹ്നങ്ങളും കണ്ടെത്താനായില്ല എന്നായിരുന്നു സര്‍വേ റിപ്പോര്‍ട്ട്.
വിഷ്‌ണു ശങ്കര്‍ ജയിൻ എന്ന അഭിഭാഷകനാണ് മസ്‌ജിദ് നിര്‍മ്മിച്ചിരിക്കുന്നത് ഹിന്ദു ക്ഷേത്രത്തിന് മുകളിലാണെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കിയത്. മസ്‌ജിദ് ഹിന്ദു ക്ഷേത്രമാണെന്ന് തെളിയിക്കുന്ന നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നും ഇത് കണക്കിലെടുത്ത് സര്‍വേ നടത്തണമെന്നുമായിരുന്നു അഭിഭാഷകന്‍റെ ആവശ്യം. അഭിഭാഷകന്‍റെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സര്‍വേ നടത്തി ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ജില്ലാ കോടതി ഉത്തരവ് ഇടുകയായിരുന്നു.
Read More : ഉത്തർപ്രദേശിൽ ജുമാമസ്‌ജിദ് സർവേയ്ക്കിടെയുണ്ടായ സംഘർഷത്തിൽ വെടിവപ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു