മിയാമി : മിയാമി ഓപ്പൺ ടെന്നിസ് ടൂര്‍ണമെന്‍റിന്‍റെ വനിത സിംഗിള്‍സില്‍ കിരീടം ചൂടി ഇഗാ സ്വിറ്റെക്. ഫൈനലില്‍ ജപ്പാന്‍റെ നവോമി ഒസാക്കയെയാണ് പോളിഷ് താരം തകര്‍ത്തുവിട്ടത്. ഒരു മണിക്കൂര്‍ 17 മിനിട്ട് നീണ്ടുനിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സ്വിറ്റെക് ജയം പിടിച്ചത്. സ്‌കോര്‍: 6-4, 6-0.
ഖത്തര്‍ ഓപ്പണ്‍, ഇന്ത്യൻ വെൽസ് എന്നിവയ്‌ക്ക് പിന്നാലെ താരത്തിന്‍റെ തുടര്‍ച്ചയായ മൂന്നാം കിരീടമാണിത്. അതേസമയം തുടര്‍ച്ചയായ 17 മത്സരങ്ങളിലാണ് സ്വിറ്റെക് നേരിട്ടുള്ള സെറ്റുകള്‍ക്ക് ജയം പിടിക്കുന്നത്. വിജയത്തോടെ ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്താനും സ്വിറ്റെകിനായി.
also read: അടിച്ച് തകര്‍ത്ത് ഹീലി, കൈയടിച്ച് സ്റ്റാര്‍ക്ക് - വീഡിയോ
അതേസമയം ഒരേ സീസണില്‍ ഡബ്ല്യുടിഎ 1000 സീരീസ് കിരീടങ്ങളായ ഇന്ത്യന്‍ വെയ്‌ല്‍സും മിയാമി ഓപ്പണും നേടുന്ന നാലാമത്തെ താരമെന്ന റെക്കോഡും സ്വിറ്റെക് സ്വന്തം പേരിലാക്കിയിട്ടുണ്ട്. സ്റ്റെഫാനി ഗ്രാഫ് (1994, 1996), കിം ക്ലൈസ്റ്റേഴ്‌സ് (2005), വിക്ടോറിയ അസരെങ്ക (2016) എന്നിവരാണ് താരത്തിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത കൂടിയാണ് 20കാരിയായ സ്വിറ്റെക്.