പാരീസ്: ഏറെ നാളുകൾ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയുമായുള്ള കരാർ സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയൻ എംബാപ്പെ ദീര്‍ഘിപ്പിച്ചത്. താരത്തിനായി സ്‌പാനിഷ് ടീമായ റയൽ മാഡ്രിഡ് ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും താരം പിഎസ്‌ജിയില്‍ തുടരുകയായിരുന്നു. എന്നാല്‍ കരാര്‍ ദീര്‍ഘിപ്പിക്കുന്നതിന് മുമ്പ് ഇംഗ്ലീഷ് വമ്പന്മാരായ ലിവർപൂളുമായി സംസാരിച്ചിരുന്നതായി എംബാപ്പെ വെളിപ്പെടുത്തി.
2017ൽ മൊണാക്കോയിൽ ആയിരുന്നപ്പോഴും ലിവര്‍പൂളുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും 23കാരൻ പറഞ്ഞു. ''ഞങ്ങൾ കുറച്ച് സംസാരിച്ചു, പക്ഷേ അധികമില്ലായിരുന്നു.'' എംബാപ്പെ ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞു. "ഞാൻ ലിവർപൂളിനോട് സംസാരിച്ചു, കാരണം അത് എന്‍റെ അമ്മയുടെ പ്രിയപ്പെട്ട ക്ലബ്ബാണ്.
എന്‍റെ അമ്മ ലിവർപൂളിനെ സ്നേഹിക്കുന്നു. എന്തുകൊണ്ടെന്ന് എനിക്കറിയില്ല, അതവരോട് തന്നെ ചോദിക്കേണ്ടിവരും. അതൊരു നല്ല ക്ലബ്ബാണ്, അഞ്ച് വർഷം മുമ്പ് മൊണാക്കോയിൽ ആയിരുന്നപ്പോഴും ഞാൻ അവരെ കണ്ടു. അതൊരു വലിയ ക്ലബ്ബാണ്.'' എംബാപ്പെ പറഞ്ഞു.
റയൽ മാഡ്രിഡും പിഎസ്‌ജിയും തമ്മിലായിരുന്നു തനിക്കായുള്ള കൂടുതല്‍ ചര്‍ച്ചകളെന്നും താരം കൂട്ടിച്ചേര്‍ത്തു. 2017-ൽ മൊണാക്കോയിൽ നിന്ന് 180 ദശലക്ഷം യൂറോയ്‌ക്കാണ് പിഎസ്‌ജി എംബാപ്പെയെ സ്വന്തമാക്കിയത്. ഇതേ തുകയും തുടര്‍ന്ന് 200 ദശലക്ഷം യൂറോയുടെ (211 ദശലക്ഷം ഡോളര്‍) ഓഫറും റയല്‍ മാഡ്രിഡ് മുന്നോട്ട് വെച്ചെങ്കിലും പിഎസ്‌ജി നിരസിക്കുകയായിരുന്നു.
അതേസമയം മൂന്ന് വര്‍ഷത്തേക്ക് കൂടിയാണ് പിഎസ്‌ജിയുമായുള്ള കരാർ എംബാപ്പെ പുതുക്കിയത്. ഇതോടെ 2025 വരെ താരം ടീമിനൊപ്പം തുടരും. എന്നാല്‍ താരവുമായുള്ള കരാര്‍ പിഎസ്‌ജി പുതുക്കിയതിനെതിരെ സ്‌പാനിഷ് ലീഗ് രംഗത്തെത്തിയിരുന്നു.
സാമ്പത്തിക പ്രശ്‌നങ്ങൾ നിലനില്‍ക്കുമ്പോൾ വലിയ തുകയ്‌ക്ക് എംബാപ്പെയുമായി കരാര്‍ പുതുക്കുന്നത് യൂറോപ്യൻ ഫുട്ബോളിന്‍റെ സാമ്പത്തിക സ്ഥിരതയെ തകര്‍ക്കുന്നതാണെന്നാണ് സ്പാനിഷ് ലീഗിന്‍റെ ആരോപണം.