ബ്യൂണസ് ഐറിസ്: അര്‍ജന്‍റൈന്‍ നായകന്‍ ലയണല്‍ മെസിക്ക് ഭീഷണി. മെസിയുടെ ഭാര്യ അന്‍റോണെല റൊക്കുസോയുടെ മാതാപിതാക്കളുടെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റിന് നേരെ വെടി ഉതിര്‍ത്ത ആക്രമികളാണ് മെസിക്ക് നേരെ ഭീഷണി ഉയര്‍ത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ വെടിവയ്‌പ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
റൊസാരിയോയില്‍ സ്ഥിതി ചെയ്യുന്ന സൂപ്പർമാർക്കറ്റിനെതിരെ എന്തിനാണ് ആക്രമണമുണ്ടായതെന്ന് വ്യക്തമല്ല. മോട്ടോർ സൈക്കിളിൽ എത്തിയ രണ്ട് പേരാണ് സൂപ്പര്‍മാര്‍ക്കറ്റിന് നേരെ വെടിവച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ അധികൃതർ പരിശോധിച്ചുവരികയാണെന്ന് പ്രോസിക്യൂട്ടർ ഫെഡറിക്കോ റബോല പറഞ്ഞു.
മെസിയുടെ ഭാര്യയുടെ കുടുംബത്തിന് നേരെ ഇത്തരത്തിലൊരു ഭീഷണി നേരിടുന്നത് ഇതാദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു കാർഡ്ബോർഡില്‍ മെസിക്ക് ഭീഷണി സന്ദേശം എഴുതിവച്ചാണ് ആക്രമികള്‍ സ്ഥലം വിട്ടത്. "മെസി, ഞങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു. ജാവ്കിന് നിങ്ങളെ രക്ഷിക്കാനാവില്ല. അയാള്‍ ഒരു മയക്കുമരുന്ന് കടത്തുകാരൻ കൂടിയാണ്" എന്നാണ് ആക്രമികള്‍ എഴുതി വച്ചിരിക്കുന്നത്.
സംഭവത്തിന് പിന്നാലെ റൊസാരിയോയുടെ മേയറായ പാബ്ലോ ജാവ്കിൻ സൂപ്പർമാർക്കറ്റിലെത്തിയിരുന്നു. ഇതിന് പിന്നാലെ നഗരത്തിലെ മയക്കുമരുന്നുമായി ബന്ധപ്പെട്ട ആക്രമങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടതിന് ഫെഡറൽ അധികാരികളെ അദ്ദേഹം വിമർശിച്ചിരുന്നു. "എനിക്ക് എല്ലാവരേയും സംശയമുണ്ട്. ഞങ്ങളെ സംരക്ഷിക്കേണ്ടവരെപ്പോലും. ഒരു പ്രാദേശിക റേഡിയോ സ്റ്റേഷന് നൽകിയ അഭിമുഖത്തിൽ ജാവ്കിൻ പറഞ്ഞു.
നഗരത്തിലെ കുറ്റകൃത്യങ്ങൾ അടിച്ചമർത്തുന്നതിനായി കഴിഞ്ഞ രണ്ട് വർഷങ്ങളായി താൻ ഫെഡറൽ സുരക്ഷാ സേനയിലെ അംഗങ്ങളുമായി ചര്‍ച്ചകള്‍ നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണകക്ഷിയായ പെറോണിസ്റ്റ് സഖ്യത്തിനെതിരെയുള്ള ആളാണ് ജാവ്കിൻ. അതേസമയം ജനങ്ങളെ ഭയപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ഒരു മാഫിയ ഗ്രൂപ്പിന്‍റെ ഭീകരതയാണ് ആക്രമണമെന്ന് നീതിന്യായ മന്ത്രി സെലിയ അറീന പ്രതികരിച്ചു. ആഗോള പ്രാധാന്യമുള്ള ഒരു സംഭവമാകുമെന്ന് അറിഞ്ഞുകൊണ്ട് ജനങ്ങളെ ഭയപ്പെടുത്താനും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ പോരാട്ടത്തെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുക എന്നതാണ് ആക്രമി സംഘത്തിന്‍റെ ലക്ഷ്യമെന്നും അവര്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയത്.
മയക്കുമരുന്നുമായി ബന്ധപ്പെട്ട ആക്രമങ്ങൾ നഗരത്തിൽ അടുത്തിടെയുണ്ടായ ഒരു പ്രതിഭാസമല്ലെന്നാണ് സുരക്ഷ മന്ത്രി അൻബൽ ഫെർണാണ്ടസ് പ്രതികരിച്ചത്. കഴിഞ്ഞ 20 വർഷമായുള്ള സംഭവങ്ങളുടെ തുടര്‍ച്ചയാണ് വ്യാഴാഴ്ചത്തെ ആക്രമണം. റൊസാരിയോയിൽ മയക്കുമരുന്ന് കടത്തുകാർ എങ്ങനെ വിജയിച്ചു എന്നതിന്‍റെ ഉദാഹരണമാണ് ഈ സംഭവം. എന്നാല്‍ സര്‍ക്കാര്‍ അതു തിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആക്രമണത്തില്‍ 35കാരനായ മെസി ഇതേവരെ പ്രതികരിച്ചിട്ടില്ല. ഖത്തറില്‍ ഫിഫ ലോകകപ്പിലേക്ക് അര്‍ജന്‍റീനയെ നയിച്ചതിന് പിന്നാലെ രാജ്യത്ത് വലിയ പിന്തുണയുള്ളയാണ് മെസി. ഫുട്‌ബോള്‍ ലോകകപ്പില്‍ 36 വർഷത്തെ കാത്തിരിപ്പായിരുന്നു മെസിയുടെ നേതൃത്വത്തിലിറങ്ങിയ അര്‍ജന്‍റീന ഖത്തറില്‍ കപ്പ് നേടി അവസാനിപ്പിച്ചത്.
നിലവില്‍ ഫ്രഞ്ച് ക്ലബ് പിഎസ്‌ജിക്കായാണ് മെസി കളിക്കുന്നത്. ഇതിനാല്‍ കൂടുതല്‍ സമയവും താരം വിദേശത്താണ് ചെലവഴിക്കുന്നത്. എന്നിരുന്നാലും പലപ്പോഴും താരം റൊസാരിയോ സന്ദർശിക്കാറുണ്ട്. ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീനയെ ലോക കിരീടത്തിലേക്ക് നയിച്ചതിന് പിന്നാലെ ഫിഫയുടെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരവും മെസിയെ തേടി എത്തിയിരുന്നു.
ഫ്രാന്‍സ് താരങ്ങളായ കിലിയന്‍ എംബാപ്പെ, കരീം ബെന്‍സേമ എന്നിവരെ വോട്ടെടുപ്പില്‍ മറികടന്നാണ് മെസിയുടെ നേട്ടം. കരിയറില്‍ ഇത് രണ്ടാം തവണയാണ് മെസി ഫിഫ ദ ബെസ്റ്റ് പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. നേരത്തെ 2019ല്‍ ആയിരുന്നു താരം പ്രസ്‌തുത അവാര്‍ഡ് നേടിയത്.