ദോഹ: ലോകകപ്പില്‍ അര്‍ജന്‍റീനയ്‌ക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന തന്‍റെ റെക്കോഡ് ലയണല്‍ മെസി മറികടന്നത് വേദനിപ്പിച്ചിട്ടില്ലെന്ന് ഇതിഹാസതാരം ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ട. മെസി റെക്കോഡുകള്‍ തകര്‍ക്കുന്നത് താന്‍ ആസ്വദിക്കുകയാണ് ചെയ്യുന്നതെന്നും ബാറ്റിസ്റ്റ്യൂട്ട പറഞ്ഞു. അർജന്‍റീനിയൻ പത്രമായ ക്ലാരിന് നൽകിയ അഭിമുഖത്തിലാണ് 53കാരനായ ബാറ്റിസ്റ്റ്യൂട്ടയുടെ പ്രതികരണം.
"ലിയോ അത് അര്‍ഹിക്കുന്നു. റെക്കോഡുകള്‍ തകര്‍ക്കാന്‍ പ്രാപ്‌തനായ ഒരാളുണ്ടെങ്കില്‍ അതവനാണ്. മെസി ഒരു അന്യഗ്രഹ ജീവി ഒന്നുമല്ല, മറ്റാരെക്കാളും നന്നായി ഫുട്‌ബോള്‍ കളിക്കുന്ന സാധാരണ മനുഷ്യനാണ്. അയാള്‍ റെക്കോഡുകള്‍ മറികടക്കുന്നത് വിഷമിപ്പിക്കുകയല്ല, മറിച്ച് സന്തോഷം നല്‍കുന്നതാണ്". ബാറ്റിസ്റ്റ്യൂട്ട പറഞ്ഞു.
ഈ ലോകകപ്പില്‍ മെസി കൂടുതല്‍ ശാന്തനായിരിക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ഒരു 20 വയസുകാരനെപ്പോലെയാണ് താരം കളിക്കുന്നത്. വിജയത്തിനായുള്ള മെസിയുടെ ദാഹമാണ് ഇതിന് പിന്നില്‍. ഖത്തറില്‍ അര്‍ജന്‍റീന കിരീടം നേടാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ടെന്നും ബാറ്റിസ്റ്റ്യൂട്ട വ്യക്തമാക്കി.
1994 നും 2002 നും ഇടയിലുള്ള മൂന്ന് ലോകകപ്പുകളില്‍ നിന്നായി 10 ഗോളുകൾ നേടിയാണ് ബാറ്റിസ്റ്റ്യൂട്ട റെക്കോഡിട്ടിരുന്നത്. ഖത്തര്‍ ലോകകപ്പിന്‍റെ സെമയില്‍ ക്രൊയേഷ്യയ്‌ക്ക് എതിരായ ഗോളോടെ 35കാരനായ മെസി ഈ റെക്കോഡ് മറികടന്നിരുന്നു. ഇതേവരെ അഞ്ച് ഗോളുകളും മൂന്ന് അസിസ്റ്റുകളുമായി ഗോള്‍ഡന്‍ ബൂട്ടിനായുള്ള മത്സരത്തില്‍ മുന്നില്‍ തന്നെ മെസിയുണ്ട്.
Also read: എൻസോ മുതല്‍ ലിവാകോവിച്ച് വരെ ; പണം വാരാനിരിക്കുന്ന സൂപ്പര്‍ താരങ്ങളെ അറിയാം