ലെന്‍സ്: ഫ്രഞ്ച് കപ്പ് ഫുട്‌ബോളില്‍ പെയ്‌സ് ഡി കാസലിനെ ഗോള്‍ മഴയില്‍ മുക്കി പിഎസ്‌ജി. ഹാട്രിക് ഉള്‍പ്പടെ അഞ്ച് ഗോളടിച്ച് കിലിയന്‍ എംബാപ്പെ കളം നിറഞ്ഞ മത്സരത്തില്‍ എതിരില്ലാത്ത 7 ഗോളിനാണ് പിഎസ്‌ജിയുടെ ജയം. ജയത്തോടെ ടൂര്‍ണമെന്‍റിന്‍റെ പ്രീ ക്വാര്‍ട്ടറിലേക്കും പിഎസ്‌ജി സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയില്ലാതെയാണ് മത്സരത്തിന് പിഎസ്‌ജി ഇറങ്ങിയത്. കഴിഞ്ഞ മൂന്ന് മത്സരങ്ങള്‍ ജയിച്ചെത്തിയ പെയ്‌സ് ഡി കാസല്‍ ലീഗ് 1 ഒന്നാം സ്ഥാനക്കാര്‍ക്കെതിരായ മത്സരത്തിന്‍റെ 29 മിനിട്ട് വരെ മാത്രം ഓര്‍ക്കാനാകും ഇഷ്‌ടപ്പെടുക. പിന്നീട് ലെന്‍സിലെ കളിമൈതാനം സാക്ഷ്യം വഹിച്ചത് കിലിയന്‍ എംബാപ്പെയുടെ അഴിഞ്ഞാട്ടമായിരുന്നു.
മത്സരത്തിന്‍റെ 29-ാം മിനിട്ടിലാണ് എംബാപ്പെ ആദ്യ ഗോള്‍ അടിച്ചത്. പിന്നാലെ 12 മിനിട്ടിനുള്ളില്‍ തന്നെ ഹാട്രിക്കും പൂര്‍ത്തിയാക്കി. 34, 40 മിനിട്ടുകളിലായിരുന്നു എംബാപ്പെയുടെ മറ്റ് രണ്ട് ഗോളുകള്‍ പിറന്നത്.
അതിനിടെ 33-ാം മിനിട്ടില്‍ എതിര്‍ വലയില്‍ പന്തെത്തിച്ച് നെയ്‌മറും പിഎസ്‌ജിയുടെ സ്‌കോര്‍ ഉയര്‍ത്തി. ഇതോടെ ആദ്യ പകുതി നാല് ഗോള്‍ ലീഡ് നേടിയാണ് ലീഗ് 1 ടോപ്പേഴ്‌സ് കളിയവസാനിപ്പിച്ചത്. രണ്ടാം പകുതിയിലും സമാനമായിരുന്നു കാര്യങ്ങള്‍.
56-ാം മിനിട്ടില്‍ ഗോളടിച്ച എംബാപ്പെ പിഎസ്‌ജി ലീഡ് 5 ആയി ഉയര്‍ത്തി. തുടര്‍ന്ന് 64-ാം മിനിട്ടില്‍ കാര്‍ലോസ് സോളറും ഗോളടിച്ചു. ഇതോടെ എതിരില്ലാത്ത ആറ് ഗോളിന് മുന്നിലായി പിഎസ്‌ജി.
79-ാം മിനിട്ടിലാണ് എംബാപ്പെയും പിഎസ്‌ജിയും ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്. ഈ ഗോളോടെ ഒരു മത്സരത്തില്‍ പിഎസ്‌ജിക്കായി 5 ഗോള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവും എംബാപ്പെ സ്വന്തമാക്കി. സീസണില്‍ ഇതുവരെ 24 മത്സരങ്ങളില്‍ നിന്നായി 25 ഗോളുകളാണ് താരം അടിച്ചു കൂട്ടിയത്.
കൂടാതെ പിഎസ്‌ജിയ്‌ക്കായി അടിച്ച ഗോളുകളുടെ എണ്ണവും എംബാപ്പെ 196 ആയി ഉയര്‍ത്തി. ടീമിന്‍റെ എക്കാലത്തേയും മികച്ച രണ്ടാമത്തെ ഗോള്‍ വേട്ടക്കാരനാണ് നിലവില്‍ എംബാപ്പെ. എഡിന്‍സണ്‍ കവാനി (200) ആണ് ഈ പട്ടികയില്‍ ഒന്നാമന്‍.