ബെംഗളൂരു: മുൻ ഇന്ത്യൻ വനിതാ ഹോക്കി ടീം ക്യാപ്റ്റൻ എൽവേര ബ്രിട്ടോ ( 81) അന്തരിച്ചു. ചൊവ്വാഴ്‌ച പുലര്‍ച്ചയായിരുന്നു അന്ത്യം. ഹോക്കി ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
60കളിൽ ഏകദേശം ഒരു ദശാബ്ദത്തോളം ഹോക്കിയിൽ നിറഞ്ഞാടിയ പ്രശസ്തരായ മൂന്ന് ബ്രിട്ടോ സഹോദരിമാരിൽ മൂത്തവളാണ് എൽവേര. എൽവേരയും സഹോദരിമാരായ റീത്തയും മേയും അക്കാലത്തെ വനിതാ ഹോക്കിയുടെ പര്യായമായിരുന്നു. 1960 മുതൽ 1967 വരെ കർണാടകയ്‌ക്കായാണ് മൂവരും കളത്തിലിറങ്ങിയത്.
കര്‍ണാടകയ്‌ക്കായി ഏഴ് ദേശീയ കിരീടങ്ങൾ നേടിയിട്ടുണ്ട്. 1965ൽ അർജുന പുരസ്‌ക്കാരം നേടിയ എൽവേര, ഇന്ത്യയ്‌ക്കായി ഓസ്‌ട്രേലിയ, ശ്രീലങ്ക, ജപ്പാൻ എന്നീ ടീമുകള്‍ക്കെതിരെ കളിച്ചിട്ടുണ്ട്. താരത്തിന്‍റെ നിര്യാണത്തില്‍ ഇന്ത്യ പ്രസിഡന്‍റ് ഗ്യാനേന്ദ്ര നിങോംബം അനുശോചനം രേഖപ്പെടുത്തി.
"എൽവേര ബ്രിട്ടോയുടെ വിയോഗത്തെക്കുറിച്ച് അറിയുന്നത് ദുഃഖകരമാണ്. അവര്‍ തന്‍റെ കാലഘട്ടത്തേക്കാൾ മുന്നിലായിരുന്നു. വനിതാ ഹോക്കിയിൽ വളരെയധികം നേട്ടങ്ങൾ കൈവരിക്കുകയും സംസ്ഥാനത്തിന്‍റെ അഡ്മിനിസ്ട്രേറ്ററായി കായികരംഗത്ത് സേവനം അനുഷ്‌ടിക്കുകയും ചെയ്തു.
ഹോക്കി ഇന്ത്യയ്ക്കും മുഴുവൻ ഹോക്കി സാഹോദര്യത്തിനും വേണ്ടി, അവരുടെ കുടുംബത്തോട് ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കാൻ ആഗ്രഹിക്കുന്നു." ഗ്യാനേന്ദ്ര നിങോംബം പ്രസ്‌താവനയില്‍ പറഞ്ഞു.