ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും കൂടുതൽ വരുമാനമുള്ള ഫുട്‌ബോളറായി ഫോർബ്‌സിന്‍റെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി പിഎസ്‌ജിയുടെ സ്റ്റാര്‍ ഫോർവേഡ് കൈലിയൻ എംബാപ്പെ. സഹതാരം ലയണൽ മെസി, മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെയാണ് എംബാപ്പെ പിന്തള്ളിയത്. ഒമ്പത് വർഷത്തിനിടെ ഇതാദ്യമായാണ് മെസിയും ക്രിസ്റ്റ്യാനോയുമല്ലാതെ മറ്റൊരു ഫുട്ബോളര്‍ പട്ടികയില്‍ തലപ്പത്തെത്തുന്നത്.
2013ൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഡേവിഡ് ബെക്കാമായിരുന്നു ഇരുവര്‍ക്കും മുന്നെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. ഈ സീസണിൽ 128 മില്യൺ യുഎസ് ഡോളറാവും എംബാപ്പെയുടെ സമ്പാദ്യം. രണ്ടാം സ്ഥാനത്തുള്ള മെസി 120 മില്യൺ ഡോളറും മൂന്നാം സ്ഥാനത്തുള്ള റൊണാൾഡോ 100 മില്യൺ ഡോളറും നേടും.
പുതിയ സീസണിൽ ഏകദേശം 110 മില്യൺ യുഎസ് ഡോളർ പ്രതിഫലമായും സൈനിങ് ബോണസായും എംബാപ്പെ നേടുമെന്ന് വ്യവസായ വിദഗ്‌ധർ അഭിപ്രായപ്പെടുന്നുണ്ട്. വിവിധ ബ്രാൻഡിന്‍റെ അംഗീകാരങ്ങളിലൂടെ എംബാപ്പെ സമ്പാദിക്കുന്ന 18 മില്യന്‍ യുഎസ് ഡോളറിന് പുറമേയാണിത്.