കോഴിക്കോട്: ലോകകപ്പ് ആവേശം അലയടിക്കുമ്പോൾ ഇഷ്‌ട ടീമുകളുടെ ജഴ്‌സികളും അണിയറയിൽ ഒരുങ്ങുകയാണ്. പുതിയപാലത്തെ ജഴ്‌സി ഫാക്‌ടറിയിലേക്ക് കാലെടുത്ത് വച്ചാൽ ഫുട്ബോൾ പ്രേമികൾ രോമാഞ്ചം കൊള്ളും. ബ്രസീൽ, അർജൻ്റീന, പോർച്ചുഗൽ, ഇംഗ്ലണ്ട് അങ്ങനെ ഇഷ്‌ട ടീമുകളുടെ എണ്ണമറ്റ ജഴ്‌സികൾ, തൊപ്പികൾ, ബാഗുകൾ, കൊടികൾ, സ്റ്റിക്കറുകൾ.
പതിവ് പോലെ ബ്രസീലിനും അർജൻ്റീനക്കുമാണ് കൂടുതൽ ആവശ്യക്കാർ. അത് കഴിഞ്ഞാൽ പോർച്ചുഗലിനാണ് ഡിമാൻഡ്. താരങ്ങളിൽ മെസ്സിയും നെയ്‌മറുമാണ് മുന്നിൽ.
താരങ്ങളുടെ ചിത്രങ്ങൾ അടങ്ങിയ ഉത്പന്നങ്ങൾക്ക് വിലയും കുടും. മലബാർ മേഖലയിൽ തന്നെയാണ് ഇതിനെല്ലാം ആവശ്യക്കാർ അധികവും. ജഴ്‌സിയുടെ ഡിസൈനിങും പ്രിൻ്റിങുമെല്ലാം ഈ ഫാക്‌ടറിയിൽ തന്നെയാണ് നടക്കുന്നത്.
അസം സ്വദേശികളായ നാല് പേരാണ് പ്രിൻ്റിംഗും കട്ടിങും സ്റ്റിച്ചിങുമെല്ലാം ചെയ്യുന്നത്. നിറഭേദമില്ലാതെ ജോലി ചെയ്യുമ്പോഴും ഇഷ്‌ട ടീമുകളെ വിട്ടൊരു കളി ഇവർക്കുമില്ല. ബ്രസീൽ കപ്പുയർത്തും എന്നത് ഉറപ്പാണെന്ന് ഫാക്‌ടറിയിലെ തൊഴിലാളിയായ അസദുൾ ഇസ്ലം പറയുന്നു.
റിഫജുൽ ഇസ്ലം അർജൻ്റീന ഫാനാണ്. ഇത്തവണ തൻ്റെ ഇഷ്‌ട രാജ്യം കപ്പടിക്കുമെന്ന് തീർത്ത് പറയുകയാണ് ഈ ചെറുപ്പക്കാരന്‍. കപ്പ് ആര് ഉയർത്തിയാലും ഇവിടെ സംഭവം കളറാണ്.
ക്ലബ്ബുകളും നാട്ടിൻപുറങ്ങളിലെ കൂട്ടായ്‌മകളുമെല്ലാം ഇഷ്‌ട ജഴ്‌സികൾ വാങ്ങിക്കൂട്ടികൊണ്ടിരിക്കുകയാണ്. അധിക സമയമെടുത്തും ലോകകപ്പ് ഓർഡറുകൾ പൂർത്തിയായി കൊണ്ടിരിക്കുന്നു.