മലപ്പുറം : മുൻ ഇന്ത്യൻ ഫുട്ബാൾ നായകനും മലപ്പുറം എംഎസ്‌പി അസിസ്‌റ്റന്‍റ് കമാന്‍ഡന്‍റുമായ ഐഎം വിജയന് ഡോക്‌ടറേറ്റ്. റഷ്യയിലെ അർഖാൻഗെൽസ്‌ക് നോർത്തേൻ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയാണ് (Northern State Medical University, Arkhangelsk) മുൻ താരത്തിന് ബഹുമതി സമ്മാനിച്ചത്. ഇന്ത്യന്‍ ഫുട്ബോളിന് സമ്മാനിച്ച നേട്ടങ്ങൾ പരിഗണിച്ചാണ് ഡോക്‌ടറേറ്റ് നൽകിയത്. ഈ മാസം 11ന് റഷ്യയിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം ബഹുമതി ഏറ്റുവാങ്ങിയത്. ഇക്കാര്യം താരം തന്നെ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു.
മലയാളികൾ ഉൾപ്പടെ നിരവധിയാളുകളുടെ സാന്നിധ്യത്തിൽ സർവകലാശാല സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച അന്തര്‍സര്‍വകലാശാല ഫുട്ബാൾ മത്സരത്തിന് ശേഷം മൈതാനത്തുവച്ചാണ് ഡോക്‌ടറേറ്റ് സമ്മാനിച്ചത്. ഇത് മറക്കാനാകാത്ത അനുഭവമാണ്. 1999ൽ സൗത്ത് ഏഷ്യൻ ഗെയിംസിൽ ഭൂട്ടാനെതിരെ 12ാം സെക്കൻഡിൽ ഗോളടിച്ചിരുന്നു. അക്കാലത്ത് ലോകത്തിലെ ഏറ്റവും വേഗമേറിയ ഗോളായിരുന്നു ഇത്. ഈ കളിമികവും മറ്റ് പ്രവർത്തനങ്ങളുമാണ് ഡോക്‌ടറേറ്റിന് പരിഗണിച്ചത് - വിജയൻ പറഞ്ഞു.
1992ല്‍ ഇന്ത്യന്‍ ദേശീയ ടീമിലെത്തിയ ഐഎം വിജയന്‍ ഇന്ത്യയ്ക്ക് വേണ്ടി 79 രാജ്യാന്തര മത്സരങ്ങള്‍ കളിച്ചു. 39 ഗോളുകള്‍ നേടി. 2003-ലെ ആഫ്രോ-ഏഷ്യന്‍ ഗെയിംസില്‍ നാല് ഗോളുകള്‍ നേടി ടോപ് സ്‌കോറര്‍ ആയി തിളങ്ങിയിട്ടുമുണ്ട്. അതായിരുന്നു അദ്ദേഹത്തിന്‍റെ ഇന്ത്യൻ കുപ്പായത്തിലെ അവസാന ടൂർണമെന്‍റ്. 2003ൽ രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചിരുന്നു.