ദോഹ: ഖത്തര്‍ ലോകകപ്പില്‍ നിര്‍ണായക മത്സരം അടുത്തിരിക്കെ മിഡ്‌ഫീല്‍ഡര്‍ റഹീം സ്റ്റെർലിങ് നാട്ടിലേക്ക് മടങ്ങുകയാണെന്ന് ഇംഗ്ലണ്ട് മാനേജർ ഗാരെത് സൗത്ത്ഗേറ്റ്. കുടുംബവുമായി ബന്ധപ്പെട്ട കാരണത്തെ തുടര്‍ന്നാണ് താരം ലണ്ടനിലേക്ക് മടങ്ങുന്നതെന്ന് സൗത്ത്ഗേറ്റ് അറിയിച്ചു. ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ സെനഗലിനെതിരായ മത്സരത്തില്‍ സ്റ്റെർലിങ് കളിച്ചിരുന്നില്ല.
ശനിയാഴ്‌ച ഫ്രാൻസിനെതിരെ നടക്കുന്ന ക്വാർട്ടർ ഫൈനലിനായി 27കാരനായ താരം തിരിച്ചെത്തുന്ന കാര്യം സംശയത്തിലാണ്. സ്റ്റെർലിങ് നാട്ടിലേക്ക് മടങ്ങുന്ന വിവരം ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷൻ സ്ഥിരീകരിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ പ്രകാരം, ശനിയാഴ്‌ച രാത്രി സ്റ്റെർലിങ്ങിന്‍റെ വീടിന് നേരെ ആയുധധാരികളില്‍ നിന്നും ആക്രമണമുണ്ടായതാണ് വിവരം. ഈ സമയം താരത്തിന്‍റെ കുടുംബം വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സാഹചര്യം കൈകാര്യം ചെയ്യാന്‍ സ്റ്റെർലിങ് തന്‍റെ കുടുംബത്തോടൊപ്പം ഉണ്ടാവേണ്ട സമയമാണിതെന്ന് സൗത്ത്ഗേറ്റ് പറഞ്ഞു.
"ഞങ്ങൾ അതിനെ പിന്തുണയ്ക്കുകയും അവന് ആവശ്യമുള്ളത്ര സമയം അനുവദിക്കുകയും ചെയ്യും. അവനെ സമ്മർദത്തിലാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ചിലപ്പോൾ ഫുട്‌ബോൾ ഏറ്റവും പ്രധാനപ്പെട്ട കാര്യമല്ല, കുടുംബമാണ് ആദ്യം വരേണ്ടത്", സൗത്ത്‌ഗേറ്റ് കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ട് ടീമില്‍ പ്രധാനിയായ 27കാരന്‍ രാജ്യത്തിനായി ഇതേവരെ 81 മത്സരങ്ങളിൽ നിന്ന് 20 ഗോളുകൾ നേടിയിട്ടുണ്ട്. അതേസമയം ലണ്ടനില്‍ നിന്നും മടങ്ങിയെത്തിയാലും ഫ്രാന്‍സിനെതിരായ ഇംഗ്ലണ്ട് ടീമിന്‍റെ സ്റ്റാർട്ടിങ് ഇലവനില്‍ ഇടം പിടിക്കാന്‍ സ്റ്റെർലിങ്ങിന് കഴിഞ്ഞേക്കില്ല.
ബുക്കായോ സാക്ക, മാർക്കസ് റാഷ്‌ഫോർഡ്, ഫിൽ ഫോഡൻ എന്നിവരുടെ മികച്ച ഫോമാവും സൗത്ത്‌ഗേറ്റ് പരിഗണിക്കുകയെന്നുറപ്പ്. ടൂർണമെന്‍റിൽ ഇതേവരെ സാക്കയും റാഷ്ഫോർഡും മൂന്ന് ഗോളുകള്‍ വീതം സ്കോർ ചെയ്‌തിട്ടുണ്ട്. സെനഗലിനെതിരായ ടീമിന്‍റെ വിജയത്തില്‍ ഫോഡന്‍റെ രണ്ട് അസിസ്റ്റുകൾ നിര്‍ണായകമായിരുന്നു.
also read: സെനഗലിനെ വീഴ്‌ത്തി ഇംഗ്ലീഷ് പടയോട്ടം ; ക്വാര്‍ട്ടറില്‍ ത്രീ ലയണ്‍സിന് എതിരാളി ഫ്രാന്‍സ്