ദോഹ: അറേബ്യൻ മണ്ണിലേക്ക് ആദ്യമായി വിരുന്നെത്തുന്ന കാൽപന്ത് പൂരത്തിന് ഖത്തറിലെ പുൽത്തകിടിയിൽ പന്തുരുളാൻ ഇനി മുപ്പത് നാളുകൾ മാത്രം. നവംബർ 20 ന് ദോഹയുടെ തലസ്ഥാനമായ അൽ ഖോറിലെ 60,000 പേർക്ക് ഇരിക്കാവുന്ന അൽ ബൈത്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ്. ആതിഥേയരായ ഖത്തർ, ഇക്വഡോറിനെ നേരിടുന്നതോടെ അറേബ്യന്‍ നാട് ചരിത്രത്തിലാദ്യമായി വേദിയാവുന്ന ഫിഫ ലോകകപ്പിന് കിക്കോഫാകും.
മികച്ച ലോകകപ്പ്: ചരിത്രത്തിലാദ്യമായി അറബ്യൻ നാട്ടിലേക്കും ഏഷ്യയിലേക്ക് രണ്ടാം തവണയുമാണ് ലോകകപ്പെത്തുന്നത്. അതുകൊണ്ട് തന്നെ ലോകം ഇതുവരെ കാണാത്ത ഉത്സവമാക്കാൻ പൂർണ്ണ സജ്ജമാണ് കുഞ്ഞൻ രാജ്യമായ ഖത്തർ. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സ്റ്റേഡിയങ്ങളാണ് ലോകകപ്പിനെ വരവേല്‍ക്കുന്നത്. ഒരുക്കങ്ങളിൽ പൂർണ്ണ സംതൃപ്‌തി അറിയിച്ച ഫിഫ ചരിത്രത്തിലെ മികച്ച ലോകകപ്പ് ആയിരുക്കുമെന്നും വ്യക്‌തമാക്കി.
നാല് ടീമുകൾ വീതമുള്ള 8 ഗ്രൂപ്പുകളായാണ് മത്സരങ്ങൾ. ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ വീതം നോക്കൗട്ടിലേക്ക് പ്രവേശിക്കും. ഖത്തറിന്‍റെ മണൽ പരപ്പിൽ പച്ചപുതച്ച എട്ട് മൈതാനങ്ങളിലായാണ് മത്സരങ്ങൾ നടക്കുക.
ഇഷ്‌ടക്കാർ: ആതിഥേയരായ ഖത്തറടക്കം 32 ടീമുകളും താരങ്ങളെ സജ്ജരാക്കി അങ്കത്തിന് ഒരുങ്ങുകയാണ്. നിലവിലെ ജേതാക്കളായ ഫ്രാൻസ്, ആറാം കിരീടം ലക്ഷ്യമിടുന്ന ബ്രസീൽ, 35 മത്സരങ്ങളിൽ അപരാജിതരായി കുതിക്കുന്ന ലയണല്‍ മെസിയുടെ അർജന്‍റീനയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പറങ്കിപ്പടയുമെല്ലാമാണ് ആരാധകരുടെ ഇഷ്‌ട ടീമുകൾ.
30 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതുവരെ വിറ്റുപോയത്. ആതിഥേയ രാജ്യത്തിന് പുറമെ, യുണൈറ്റഡ് സ്റ്റേറ്റ്സ്, സൗദി അറേബ്യ, ഇംഗ്ലണ്ട്, മെക്‌സിക്കോ, യുഎഇ, അർജന്‍റീന, ഫ്രാൻസ്, ബ്രസീൽ, ജർമ്മനി എന്നീ രാജ്യങ്ങളിൽ നിന്നാണ് ടിക്കറ്റിന് ഏറ്റവും കൂടുതൽ ആവശ്യക്കാരുണ്ടായിരുന്നത്.
ലോകകപ്പിന്‍റെ 92 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് മത്സരങ്ങൾ നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കുന്നത്. മുൻപ് നടന്ന 21 പതിപ്പുകളും ജൂൺ, ജൂലൈ മാസങ്ങളിലാണ് സംഘടിപ്പിച്ചിരുന്നത്. ഈ മാസങ്ങളിൽ ഖത്തറിലെ കൊടും ചൂടിനെ പരിഗണിച്ചാണ് യൂറോപ്യൻ ഫുട്‌ബോൾ അസോസിയേഷനുകളുടെ എതിർപ്പ് അവഗണിച്ച് മത്സരക്രമത്തിന്‍റെ മാറ്റത്തിന് ഫിഫ അനുമതി നൽകിയത്. ഖത്തറിന്‍റെ ദേശീയ ദിനമായ ഡിസംബർ 18 ന് ലുസൈൽ സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരത്തിന് വിസിൽ മുഴങ്ങുക.